പൊന്നാനി: ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് സി.പി.എം. നേതാക്കൾക്കൊപ്പം ചാനലുകൾക്ക് മുൻപിൽ പൊന്നാനിയിലെ വീട്ടമ്മ പീഡന വിവരം പറഞ്ഞ കേസ് അട്ടിമറിക്കാൻ സി.പി.എം.നേതാക്കൾ തന്നെ രംഗത്ത് ഇറങ്ങിയത് വിരോധാഭാസമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ആരോപിച്ചു.
കേസിന്റെ വസ്തുത പുറത്ത് കൊണ്ടുവരണമന്ന ഹൈകോടതിയുടെ പരമാർശം വീട്ടമ്മക്ക് ഒപ്പം ആരോപണം ഉന്നയിച്ച സി.പി.എം നേതാക്കൾക്ക് തിരിച്ചടിയാകുമോ എന്ന ഭയപ്പാടിലാണ് ഇപ്പോൾ അവസരവാദ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
എം.എൽ.എ യെ സ്വന്തം പാർട്ടിക്കാർക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണോ ഇടത് പക്ഷത്തിനൊപ്പം നിന്ന പി.വി. അൻവർ എം.എൽ.എ യെ വിളിച്ച് വരുത്തി അൻവറിനെ കൊണ്ട് ഈ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചത് എന്ന് വ്യക്തമാക്കണമെന്നും അജയ് മോഹൻ ആവശ്യപ്പെട്ടു.
പൊന്നാനിയിലെ പൊതുകാര്യങ്ങളിലുള്ള എം.എൽ.എ യുടെ പരാജയം സി.പി.എം നേതാക്കൾ തുറന്ന് സമ്മതിക്കുകയാണ്.
പിണറായി സർക്കാറിന്റെ പോലീസ് വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിക്കുന്നതിന്റെ ഒടുവിലത്തെ നടപടിയാണ് ഏ.ഡി.എം. നവീൻ ബാബുവിന്റെ കേസിൽ പ്രതി ദിവ്യയെ രക്ഷിക്കാനുള്ള നടപടിയെന്നും ആരോപിച്ചു.
പൊന്നാനി മണ്ഡലം കോൺഗ്രസ് ബസ് സ്റ്റാന്റിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അജയ് മോഹൻ.
മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, വി.ചന്ദ്രവല്ലി, മുസ്തഫ വട മുക്ക്, എൻ.പി. നബീൽ, കെ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.