തിരുവനന്തപുരം: താന്‍ പറയുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയം ചെയ്യാനുള്ള അവകാശമില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. കരുവന്നൂര്‍ വിഷയം മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. കോ ഓപ്പറേറ്റീവ് നിയമം എന്നൊന്ന് വന്നപ്പോള്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് പിന്തുണച്ചില്ല. നിങ്ങള്‍ അതിനെ എതിര്‍ത്തില്ലേ. 
അത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു. നിങ്ങള്‍ ജനപക്ഷത്തല്ലാത്തതിനാലാണ് എതിര്‍ത്തത്. ഇക്കാരണത്താലാണ് ഞാന്‍ നിങ്ങളെ കേള്‍ക്കാത്തതും. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയം ചെയ്യാനുള്ള അവകാശമില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് മാധ്യമങ്ങളെന്നു പറഞ്ഞ് നടക്കാനുള്ള യോഗ്യതയില്ല.
പി.പി. ദിവ്യയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പറയില്ല. അത് അവരുടെ പാര്‍ട്ടി തീരുമാനിക്കട്ടെ. അനീതിയുണ്ടായിട്ടുണ്ടോ? ഇതിനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷയോ നടപടിയോ ഉണ്ടാവണം. അത് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പത്തനംതിട്ടയിലെ ജനങ്ങളുടെയും ഞാന്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന്റെയും ആവശ്യമാണ്.
തൃശൂര്‍ പൂരത്തിന് ഞാന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് പറഞ്ഞയാളുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് അറിയുമോ? ആ മൊഴി പ്രകാരം എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. സിനിമാ ഡയലോഗായി എടുത്താല്‍ മതിയെന്ന് പറഞ്ഞിട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പോലും നിങ്ങള്‍ മോശമായി ചിത്രീകരിച്ചു. ആരുടെയും അച്ഛന് വിളിച്ചതല്ല. വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.ആ ക്ഷേത്രപരിസരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മുന്‍കരുതലായി ഉണ്ടായിരുന്ന ആംബുലന്‍സായിരുന്നു അത്.
പ്രചാരണത്തിന് നടന്ന് 15 ദിവസം ഞാന്‍ കാല്‍ ഇഴച്ചാണ് നടന്നത്. ആ സാഹചര്യത്തില്‍ ഇത്രയും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നു. കാറില്‍ വന്നിറങ്ങി ആ കാന കടക്കാന്‍ കഴിഞ്ഞില്ല. ഒരു രാഷ്ട്രീയവുമില്ലാത്ത അവിടുത്തെ യുവാക്കളാണ് എന്നെ സഹായിച്ചത്. അവിടുന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിച്ച് അന്വേഷണം നടത്താന്‍. ഇവരുടെ രാഷ്ട്രീയം കത്തി നശിക്കും. ഇവരുടെ അന്തസും പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *