തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് സതീശ് പറഞ്ഞു
ചാക്കില്‍ കെട്ടിയാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് ആദ്യം കരുതിയതെന്നും, ഓഫീസനകത്ത് എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നും സതീശ് പറയുന്നു. കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ നിഷേധിച്ചു. സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മാണെന്നാണ് അനീഷിന്റെ വാദം. ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിൻ്റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.