ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … ‘ JYOTHIRGAMAYA ‘🌅ജ്യോതിർഗ്ഗമയ🌅കൊല്ലവർഷം1200 തുലാം 15ചിത്തിര / ചതുർദശി2024 / ഒക്ടോബര്‍ 31, വ്യാഴം
ഇന്ന് ;
*എൻ എസ് എസ് പതാക ദിനം ! [ സ്ഥാപകദിനം: 1930 ഒക്ടോബർ 31]
*ദീപാവലി ![പലപ്പോഴും വിളക്കുകളുടെ ഉത്സവം എന്ന് വിളിയ്ക്കപ്പെടുന്ന ഒരു ആഘോഷമാണ് ദീപാലി. വീടുകളും തെരുവുകളും തിളങ്ങുന്ന വിളക്കുകളാലും അലങ്കാരങ്ങളാലും നിറയ്ക്കുകയും. സ്വാദിഷ്ടമായ മധുരപലഹാരങ്ങളാലും, മിന്നുന്ന പടക്കങ്ങളാലും, കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷകരമായ ഒത്തുചേരലുകളാലും ആഘോഷിയ്ക്കപ്പെടുന്ന ഈ ആഘോഷം, ഇരുട്ടിനു മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും നേടിയ വിജയത്തെ അടയാളപ്പെടുത്താനാണ് ആഘോഷിക്കുന്നത് എന്നതാണ് ഐതീഹ്യം. രാക്ഷസരാജാവായ രാവണനെ പരാജയപ്പെടുത്തി സീതയെ വീണ്ടെടുത്തതിന് ശേഷം ശ്രീരാമൻ തൻ്റെ അയോധ്യാരാജധാനിയിലേക്ക് വിജയശ്രീലാളിതനായി മടങ്ങിയെത്തിയതിനെ അനുസ്മരിയ്ക്കാനാണ് ഈ ആഘോഷം ഹിന്ദുമതവിശ്വാസികൾ എല്ലാവർഷവും ആഘോഷിച്ചു വരുന്നത്.]
*ഇൻഡ്യ : ദേശീയ (ഏകത) ഐക്യദിനം ! [ ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടു രാജ്യങ്ങളെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയെന്ന ഒരു രാജ്യത്തിനു കീഴിൽ അണിനിരത്താൻ പരിശ്രമിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഭ്യന്തര മന്ത്രിയായ സർദ്ദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമാണ് ഇന്ന് ഈ ദിനം അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ദേശീയ ഏകതാ ദിനമായി നാം ആഘോഷിച്ചു വരുന്നു. സാംസ്കാരികമായും പ്രാദേശികമായും വ്യത്യസ്ഥത പുലർത്തുന്ന ഇന്ത്യൻ ജനത ഐക്യത്തോടെ ഒത്തൊരുമിച്ച് നിൽക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. ഇന്ത്യയുടെ സ്വത്വത്തിൻ്റെ അടിസ്ഥാന തത്വമായ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിന് ഈ ദിനാചരണം പ്രത്യേകം ഊന്നൽ നൽകുന്നു. ]
*ദേശീയ പുനരർപ്പണ ദിനം/രാഷ്ട്രീയ സങ്കല്‍പ് ദിവസ് ! [ ഇന്ന് ഇന്ദിരാഗാന്ധിയുടെ 40മത് രക്തസാക്ഷിത്വവാർഷികമാണ്. 1984 ൽ ഇതേ ദിവസമാണ് അവർ സ്വന്തം അംഗരക്ഷകരുടെ നിറതോക്കിന് നിഷ്കരുണം ഇരയായത്.]
*ലോക സമ്പാദ്യദിനം ! [ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളിൽ, മഹാമാന്ദ്യത്തിൻ്റെ ആഘാതത്തിന് തൊട്ടുപിന്നാലെ, ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാനുള്ള ശ്രമത്തിൽ ആളുകൾക്ക് അവരുടെ പണം ലാഭിക്കുന്നതിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനാണ് ലോക സമ്പാദ്യ ദിനം എന്ന ആശയം സ്ഥാപിതമായത്. ഇതിനെ കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുകയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉണർത്തുകയും ചെയ്യുന്ന ഈ ദിവസം സാമ്പത്തിക സുരക്ഷിതത്വം ആവശ്യമുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ]
* ലോക നഗര ദിനം ! [World Cities Day – ആഗോള നഗരവൽക്കരണത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപര്യത്തെ പ്രോത്സാഹിപ്പിക്കുക, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുക, നഗരവൽക്കരണത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, ലോകമെമ്പാടുമുള്ള സുസ്ഥിര നഗരവികസനത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്..“Youth leading climate and local action for cities.” എന്നതാണ് 2024 ലെ ഈ ദിനത്തിനായുള്ള തീം]
*ലോക ജാലവിദ്യ ദിനം ![World magic day – ഹാരി ഹൗഡിനി എന്ന മന്ത്രികൻ്റെ ചരമദിനമാണ് ഇന്ന്. മാജിക് ഇന്നു കാണുന്ന വിധത്തിൽ വളരെ ജനപ്രിയമായതിന്റെ ഒരു പ്രധാന കാരണക്കാരനായിരുന്നു, ഹാരി ഹൗഡിനി, അദ്ദേഹത്തിന്റെ മരണസമയത്ത് അദ്ദേഹം അമേരിക്കൻ മാന്ത്രികരുടെ സൊസൈറ്റിയിലെ ഏറ്റവും പ്രശസ്തനായ അംഗമായിരുന്നു. 1926 ഒക്ടോബർ 31-ന് യുഎസിലെ മിഷിഗണിലെ ഡെട്രോയിറ്റിലുള്ള ഒരു ആശുപത്രിയിൽ വെച്ചാണ് ഹൗഡിനി മരിച്ചത്. അതിനാൽ ഇന്നേ ദിവസം ലോക ജാലവിദ്യാദിനമായി ആചരിയ്ക്കപ്പെടുന്നു.]
*നവീകരണ ദിനം !യൂറോപ്പിലെ മതനവീകരണത്തിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31 ന് ജർമ്മനിയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നവീകരണ ദിനം ആചരിയ്ക്കപ്പെടുന്നു. 1517-ൽ ജർമ്മൻ സന്യാസിയും ദൈവശാസ്ത്രജ്ഞനുമായ മാർട്ടിൻ ലൂഥറിൻ്റെ നിർദ്ദേശങ്ങൾ ഒരു പള്ളിയുടെ വാതിലുകളിൽ തറച്ചതിനെ അനുസ്മരിക്കുന്നതിനാണ് ജർമനിയിൽ ഇന്നും ഈ ദിനം ആചരിയ്ക്കപ്പെടുന്നത്.]
*ഗേൾ സ്കൗട്ട് സ്ഥാപക ദിനം![100 വർഷത്തിലേറെ ചരിത്രമുള്ള, യുഎസ്എയിലെ ഗേൾ സ്കൗട്ടുകൾ പെൺകുട്ടികളെ അവരുടെ കഴിവുകളിലും കരുത്തിലും സഹകരണത്തിലും വളരാൻ പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തെ ഭാവിയിലേക്ക് നന്നായി നയിക്കാൻ കഴിയുന്ന പെൺകുട്ടികൾക്കും യുവതികൾക്കും ഊന്നൽ നൽകി ഉണ്ടാക്കിയ, ഗേൾ സ്കൗട്ട്സിൻ്റെ വ്യവസ്ഥാപനത്തെ അനുസ്മരിയാൻ ഒരുദിനം.]
* കംബോഡിയ: കിംഗ് ഫാദേഴ്സ് ജന്മദിനം!
* ഹാലോവിൻ ( Halloween) ഡേ ![ അമേരിക്ക – കാനഡ ഇഗ്ലണ്ട് അയർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്,.ഈ പദം ആംഗലേയ വിശുദ്ധൻ എന്നർത്ഥമള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ്(evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്.]* USA;
*National Caramel Apple Day |*National Doorbell Day!*National Knock-Knock Jokes Day!
ഇന്നത്തെ മൊഴിമുത്തുകൾ”ഹൃദയസ്‌നേഹത്തിന്റെ വിശുദ്ധിയും ഭാവനയുടെ സത്യവും അല്ലാതെ മറ്റൊന്നും എനിക്കുറപ്പില്ല.” [-ജോൺ കീറ്റ്സ് ]ജന്മദിനംമലയാളകവിയും നിരൂപകനുമായ എൻ.കെ. ദേശം. എന്ന എൻ. കുട്ടികൃഷ്ണപിള്ളയുടെയും (1936),
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോയുടെ മുൻ ചെയർമാനും, ഇന്ത്യയുടെ മുൻ ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയുമായിരുന്ന ഈയിടെ ബിജെപിയിൽ ചേർന്ന ഡോ. ജി. മാധവൻ നായരുടെയും ( 1943),
2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും,തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിക്കുകയും 2006-ൽ ശ്രീകാന്ത് നായകനായ “ഉയിർ” എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും “എവിടെന്തേ നാകേന്തി” എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഹിന്ദിയിൽ പുതുതായി ഒരുങ്ങുന്ന വൈറ്റ് എലിഫന്റ് എന്ന ചിത്രത്തിലും മലയാള തമിഴ് ചലചിത്ര നടി സംവൃത സുനിലിന്റെയും (1986),
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സൈദ്ധാന്ദിക രസതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ എലുവത്തിങ്കൽ ദേവസ്സി ജെമ്മിസ് അഥവാ ഇ.ഡി. ജെമ്മിസിന്റെയും (1951),
കേരള കോൺഗ്രസ്സ് നേതാവ് പി ടി ചാക്കോയുടെ മകനും കേരള കോൺഗ്രസ് – ജോസഫ് വിഭാഗത്തിന്റെ നേതാവുമായ പി.സി. തോമസിന്റെയും (1950),
ബിജെപി നേതാവും, ആസാമിന്റെ നിലവിലെ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സർവാനന്ദ സോനോവലിന്റെയും (1962),
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ അന്തർദേശീയ ബന്ധങ്ങളിലെ പ്രൊഫസറായും ബ്രിട്ടീഷ് അക്കാദമിയിലെ ഫെലൊ ആയും സേവനം ചെയ്യുന്ന ഇറാഖി വംശജനായ ബ്രിട്ടീഷ് ചരിത്രകാരൻ അവി ശലൈമിന്റെയും (1945),
‘ ദ ലോർഡ് ഓഫ് ദ റിങ്സ്’ ചലച്ചിത്ര പരമ്പരയുടെയും, ദ ഹൊബിറ്റ് ചലച്ചിത്ര പരമ്പരയുടെയും, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ സർ പീറ്റർ ജാക്സണിന്റെയും (1961),
ഒരു അമേരിക്കൻ ഫുട്ബോൾ പരിശീലകനും, അലബാമ സർവകലാശാലയിൽ ഹെഡ് ഫുട്ബോൾ പരിശീലകനുമായിരുന്ന നിക്കോളാസ് ലൂ സബാൻ ജൂനിയറിൻ്റേയും(1951) ജന്മദിനം !
സ്മരണാഞ്ജലി !!!വക്കം മൗലവി മ. (1873 -1932 )നാലപ്പാട്ട് നാരായണമേനോൻ മ. (1887-1954)ശെമ്മങ്കുടി ശ്രീനിവാസ അയ്യർ മ. (1908-2003)പി ലീല മ. (1934- 2005)എം.പി. ഗംഗാധരൻ മ. (1934 -2011)ടി.ജെ.ചന്ദ്രചൂഡൻ മ. (1940-2022)എസ് ഡി ബർമ്മൻ മ. (1906-1975),ഇന്ദിരാഗാന്ധി മ. (1917 -1984 ) അമൃതാ പ്രീതം മ. (1919 -2005) മേജർ സോമനാഥ ശർമ്മ മ. (1923-1947 )ഹാരി ഹൗഡിനി മ. (1874 -1926)നോർമൽ പ്രിച്ചാർഡ് മ. (1920-1929)ക്ലോഡ് ലെവിസ്‌ട്രാവോസ് മ. (1908-2009)
മാമൂലുകള്‍ കെട്ടിയ തടവറയില്‍ ദീനും ദുനിയാവും നേരാം വണ്ണം തിരിയാതെ നിന്നിരുന്ന മുസ്ലിം സമുടായത്തിനിടയില്‍ അറിവിന്റെ മഹത്വം ഉദ്ഗോഷിച്ച്ചു കൊണ്ട് അശാന്ത പരിശ്രമം നടത്തുകയും, മുസ്ലിം , അല്‍ ഇസ്ലാം തുടങ്ങിയ പത്രങ്ങളും , അനവധി വായനശാലകളും ,വിദ്യഭ്യാസ സ്ഥാപങ്ങളും ആരംഭിക്കുകയും തന്റെ അറിവും ആരോഗ്യവും സമ്പത്തും സമൂഹത്തിന്റെ യും , വിശിഷ്യാ മുസ്ലിം സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി ചിലവഴിച്ച സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്ന വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി( 1873 ഡിസംബർ 28 – 1932 ഒക്റ്റോബർ 31),
ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി ലൈംഗിക ശാസ്ത്രാവബോധകനായി, ആർഷജ്ഞാനത്തിന്റെയും രതി ലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങിയ വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച്, മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകർന്ന എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണ മേനോൻ ( 1887 ഒക്ടോബർ 7 – 1954 ഒക്റ്റോബർ 31),
സ്വാതി തിരുനാൾ കൃതികൾക്ക് ചിട്ടയും പ്രചാരവും നൽകുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാ സ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകൾ നൽകിയ ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ’ എന്ന് അറിയപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്ന ശെമ്മങ്കുടി ശ്രീനിവാസ അയ്യർ (ജൂലൈ 25,1908 – ഒക്ടോബർ 31,2003),
നമ്മൾക്ക് നിരവധി സിനിമാ ഗാനങ്ങൾക്ക് പുറമേ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും തന്റെ മധുര സ്വരത്തിൽ ആലപിച്ച പ്രശസ്ത പിന്നണി ഗായിക പി ലീല (1934 മെയ് 19- ഒക്റ്റോബർ 31, 2005)
കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്ന എം.പി. ഗംഗാധരൻ (15 ജൂലൈ 1934 – 31 ഒക്ടോബർ 2011)
ജമ്മു കശ്മീരിലേക്ക് പാകിസ്താന്റെ ഒത്താശയോടെ ലഷ്കർ ഗോത്രവർഗ്ഗക്കാർ നടത്തിയ കടന്നു കയറ്റത്തെ ശക്തമായി പ്രതിരോധിച്ചതിന് ഇൻഡ്യയിലെ പരമോന്നത ബഹുമതിയായ പരമവീര ചക്രം ആദ്യമായി ലഭിച്ച മേജർ സോമനാഥ ശർമ്മ(1923 ജനുവരി 31- 1947 ഒക്ടോബർ 31)
ബംഗാളി സിനിമകളിലൂടെ സംഗീതജീവിതം ആരംഭിക്കുകയും തുടർന്ന് ഹിന്ദിസിനിമയ്ക്കുവേണ്ടി സംഗീതസംവിധാനം തുടങ്ങുകയും ബോളിവുഡിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകരിലൊരാളായിത്തീരുകയും ഹിന്ദിയിലും ബംഗാളിയിലുമായി നൂറിലേറെ സിനിമകൾക്ക് സംഗീതം പകരുക മാത്രമല്ല ബംഗാളിയിൽ ധാരാളം അർദ്ധശാസ്ത്രീയഗാനങ്ങളും നാടോടിഗാനങ്ങളും പാടുകയും ചെയ്ത സച്ചിൻ ദേവ് ബർമ്മൻ എന്ന എസ് ഡി ബർമ്മൻ(ഒക്ടോബർ 1 1906 – ഒക്ടോബർ 31 1975),
ഇൻഡ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളി ലൊരാളായി കരുതപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകൾ ഇന്ദിരാ പ്രിയദർശിനി നെഹ്രു എന്ന ഇന്ദിരാ ഗാന്ധി(1917 നവംബർ 19 – 1984 ഒക്ടോബർ 31) ,
ഠണ്ടിയ കിർണാ, അമൃത ലഹരാ, ജീവൃന്ദാം ജീവൻ, മേം തവാരിഖ് ഹാം ഹിന്ദ്ഹീ, ലോക്പീഡാ സർഘിവേള സുനേഹാരേ, കാഗസ് തേ ക്യാൻവാസ്, ഏക് സൌ ഇക്താലീസ് കവിതായേം തുടങ്ങിയ കാവു സമാഹാരങ്ങൾ രചിച്ച ജ്ഞാനപീഠ പുരസ്കാര ജേതാവും പഞ്ചാബി: ਅਮ੍ਰਿਤਾ ਪ੍ਰੀਤਮ, amritā prītam). പഞ്ചാബിൽ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്ന അമൃതാ പ്രീതം(ഓഗസ്റ്റ് 31, 1919 – ഒക്ടോബർ 31, 2005) ,
പ്രശസ്തനായ ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്ന ഹാരി ഹൗഡിനി (മാർച്ച് 24, 1874 – ഒക്ടോബർ 31, 1926),
1900 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകൾ സ്വന്തമാക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് – ഇന്ത്യൻ അത്ലറ്റ് ആയ നോർമൻ പ്രിച്ചാഡ് (23 ജൂൺ 1877 – 31 ഒക്ടോബർ 1929).*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ !ജോസഫ് മറ്റം ജ. (1931 -2013)ഉമ്മൻ ചാണ്ടി ജ. (1943-2023)എന്‍.എം മോഹന്‍ ജ. ( 1949 – 2012 ) സർദാർ വല്ലഭഭായി പട്ടേൽ ജ. (1875-1950)വീരേന്ദ്രനാഥ് ചതോപാദ്ധ്യായ ജ. (1880-1937)സി.കെ. നായുഡു ജ. (1895 – 1967)ജോൺ കീറ്റ്സ് ജ. (1795 -1821)അഡോൾഫ് വോൺ ബയർ ജ. (1835-1917)ബഡ് സ്പെൻസർ ജ. (1929 – 2016)
കസൻദ് സാക്കീസിന്റെ ഗോഡ്‌സ് പോപ്പർ, കാതറീൻ ഹ്യൂമിന്റെ നൺസ് സ്‌റ്റോറി, ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ, ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ് ഓഫ് ഇന്ദിരാഗാന്ധി തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിക്കുകയും ചെയ്ത പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമായ പ്രൊഫസർ ജോസഫ് മറ്റം (ഒക്ടോബർ 31, 1931 -2013 നവംബർ 5)
1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നുഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 – 18 ജൂലൈ 2023).
കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയേയും രാജു,രാധ, ലുട്ടാപ്പി, കുട്ടൂസന്‍, ഡാക്കിനി, വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ച ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന എന്‍.എം മോഹന്‍ (31 ഒക്ടോബര്‍ 1949 -12 ഡിസംബര്‍ 2012 )
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവും ഏതാണ്ട് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ച ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭഭായി പട്ടേൽ (ഒക്ടോബർ 31 1875 –ഡിസംബർ 15 1950),
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുമായി ബന്ധം പുലർത്തുകയും, ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ വിദ്യാർത്ഥികളെ അണിനിരത്തി ബെർലിൻ കമ്മിറ്റി രൂപീകരിക്കുയും ,ഇന്ത്യൻ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ നേടിയെടുക്കാനായി 1920ൽ റഷ്യ സന്ദർശിക്കുകയും നിരവധി കൊല്ലക്കാലം മോസ്കോയിൽ ചിലവഴിക്കുകയും അവസാനം ലെനിനിസ്റ്റ് എന്ന് മുദ്രകുത്തി സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് വധിക്കപ്പെടുകയും, സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്ന വീരേന്ദ്രനാഥ് ചഥോപാധ്യായ(31 ഒക്ടോബർ 1880 – 02 സെപ്റ്റംബർ 1937),
ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന 1956-ൽ ഭാരത സർക്കാർ പത്മഭൂഷൺ നല്കിയ കൊട്ടരി കനകയ്യ നായുഡു എന്ന സി.കെ. നായുഡു (ഒക്ടോബർ 31, 1895 – നവംബർ 14, 1967)
തന്റെ 25 വർഷത്തെ ഹൃസ്വമായ ജീവിതകാലത്ത് മുന്നു വർഷം മാത്രം കവിതകൾ പ്രസിദ്ധപ്പെടുത്തി ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്ന ജോൺ കീറ്റ്സ്( 31 ഒക്ടോബർ 1795 – 23 ഫെബ്രുവരി 1821),
ആദ്യമായി ഇൻഡിഗോ ചായം കൃത്രിമമായി നിർമ്മിച്ച 1905ൽ രസതന്ത്രത്തിനു നോബൽ സമ്മാനം നേടിയ ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞനായ അഡോൾഫ് വോൺ ബയർ അല്ലെങ്കിൽ ജൊഹാൻ ഫ്രിഡ്രിഷ് വിൽഹെം അഡോൾഫ് വോൺ ബയർ (ഒക്ടോബർ 31, 1835 – ഓഗസ്റ്റ് 20, 1917)
ദെ കാൾ മി ട്രിനിറ്റി, ട്രിനിറ്റി ഈസ് സ്റ്റിൽ മൈ നെയിം, തുടങ്ങി ടെറൻസ് ഹിലിനോടൊപ്പം 20 ഓളം സിനിമകളിൽ അഭിനയിച്ച ആക്ഷൻ കോമഡി നടനും, നീന്തൽ വിദഗ്ദനും, വാട്ടർ പോളൊ കളിക്കാരനും ആയിരുന്ന കാർലൊ പെഡർസോളി എന്ന ബഡ് സ്പെൻസർ (31 ഒക്റ്റോബർ1929 – 27 ജൂൺ 2016),
ചരിത്രത്തിൽ ഇന്ന്…475 – റോമുലസ് അഗസ്റ്റലസ് റോമൻ ചക്രവർത്തിയായി.
1541 – മൈക്കൽ ആഞ്ചലോ പ്രശസ്ത പെയിന്റിങ്ങായ അന്ത്യവിധി പൂർത്തിയാക്കി.
1864 – നെവാഡ 36-ആം അമേരിക്കൻ സംസ്ഥാനമായി.
1876 – ബ്രിട്ടിഷിന്ത്യ (ഇന്നത്തെ ബംഗ്ലദേശ് ഭാഗം) തകർത്ത് തരിപ്പണ മാക്കിയ ചുഴലിക്കാറ്റ് ദുരന്തം.
1876 – അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിൽ വൻ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ മരിച്ചു.
1892 – സർ ആർതർ കൊനൻഡോയൽ ‘ ‘ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ‘ പ്രസിദ്ധീകരിച്ചു.
1914 – നായർ ഭൃത്യജന സംഘം എന്ന പേരിൽ എൻ എസ് എസിന്റെ ആദ്യ രൂപം നിലവിൽ വന്നു.
1920 – AlTUC രൂപീകൃതമായി.
1931 – ഗുരുവായൂർ സത്യാഗ്രഹം തുടക്കം.
1978 – യെമൻ ഭരണഘടന നിലവിൽ വന്നു.
1984 – ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
1990 – പത്മ രാമചന്ദ്രൻ കേരളത്തിലെ പ്രഥമ വനിതാ ചീഫ് സെക്രട്ടറിയായി.
1992 – ഗലിലിയോയെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിച്ച് നേരിട്ടതിൽ കത്തോലിക്ക സഭ പശ്ചാത്താപം പ്രകടിപ്പിച്ചു.
1998 – ധാക്കയിൽ പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് കിരീടം ചൂടി.
1999 – ന്യൂയോർക്കിൽ നിന്ന് കെയ്‌റൊവിലേക്ക് പറക്കുകയായിരുന്ന ഈജിപ്റ്റ് എയർ വിമാനം തകർന്ന് അതിലുണ്ടായിരുന്ന 217 പേരും കൊല്ലപ്പെട്ടു.
2010 – ഡോ.എം ലീലാവതിക്ക് നിരൂപണ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.
2011- ലോക ജനസംഖ്യ 700 കോടിയായി
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya