ഹർഭജൻ നല്‍കിയ മുന്നറിയിപ്പ് ഒടുവിൽ സത്യമായി; ഗാരി കിർസ്റ്റന്‍റെ പടിയിറക്കത്തിന് പിന്നാലെ വൈറലായി പഴയ പോസ്റ്റ്

മുംബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ പാക് പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റന് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ് നല്‍കിയ മുന്നറിയിപ്പ് ഒടുവില്‍ സത്യമായി. ചുമതലയേറ്റെടുത്ത് ആറ് മാസം കഴിയും മുമ്പെ പാക് പരിശീലക സ്ഥാനത്തു നിന്ന് കിര്‍സ്റ്റന്‍ രാജിവെച്ചതോടെയാണ് ഹര്‍ഭജന്‍ അന്നേ പറഞ്ഞ കാര്യത്തിന് പ്രസക്തിയേറിയത്.

ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായപ്പോള്‍, ഗാരി, നിങ്ങള്‍ വെറുതെ സമയം പാഴാക്കരുത്, ഇന്ത്യൻ പരിശീലകനായി തിരിച്ചുവരൂ, അപൂര്‍വമായി മാത്രമെ ഇത്തരമൊരു പരിശീലകനെ നമുക്ക് കിട്ടു. 2011ലെ ഞങ്ങളുടെ ലോകകപ്പ് ടീമിലെ എല്ലാവരുടെയും അടുത്ത സുഹൃത്തും സത്യസന്ധനുമാണ് ഗാരി. ഞങ്ങളുടെ എല്ലാവരുടെയും സ്പെഷ്യല്‍ മാന്‍ എന്നായിരുന്നു ഹര്‍ഭജന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.

 

ഒടുവില്‍ പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഭിന്നതകളെ  തുടര്‍ന്ന് ഗാരി കിര്‍സ്റ്റന്‍ രാജിവെച്ചതോടെയാണ് ഹര്‍ഭജന്‍ സിംഗിന്‍റെ പഴയ എക്സ് പോസ്റ്റും ഇപ്പോൾ പ്രചരിക്കുന്നത്. കിര്‍സ്റ്റന്‍ രാജിവെച്ചതിന് പിന്നാലെ തന്‍റെ പഴയ പോസ്റ്റ് രണ്ട് സ്മൈലികളുമിട്ട് ഹര്‍ഭജന്‍ വീണ്ടും ഷെയര്‍ ചെയ്തു.

ഈ മാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റതിന് പിന്നാലെ സീനിയര്‍ താങ്ങളായ ബാബര്‍ അസമിനെയും ഷഹീന്‍ ഷാ അഫ്രീദിയെയും രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയും സ്പിന്‍ പിച്ചൊരുക്കി രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ വീഴ്ത്തുകയും ചെയ്തിരുന്നു. പാക് ടീം സെലക്ഷനില്‍ ടെസ്റ്റ് പരിശീലകന്‍ ജേസണ്‍ ഗില്ലെസ്പിക്കും വൈറ്റ് ബോള്‍ ടീം പരിശീലകന്‍ ഗാരി കിര്‍സ്റ്റനും യാതൊരു അഭിപ്രായവും പറയാനാവില്ലെന്നും പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പിന്നാലെ മുഹമ്മദ് റിസ്‌വാനെ പാക് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനാക്കിയതോടെയാണ് കിര്‍സ്റ്റൻ രാജിവെക്കാന്‍ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin