സൗദി അറേബ്യ: ഭിക്ഷാടനത്തിനും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനും സൗദി അറേബ്യയില്‍ അറസ്റ്റിലായ 4,000 പൗരന്മാരുടെ പാസ്പോര്‍ട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ തടഞ്ഞു. അറസ്റ്റിലായ പാകിസ്ഥാനികളുടെ പാസ്പോര്‍ട്ടുകള്‍ ഏഴ് വര്‍ഷമായി തടഞ്ഞിട്ടുണ്ടെന്ന് പാകിസ്ഥാനിലെ പ്രൊപാകിസ്ഥാനി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
തടവിലാക്കപ്പെട്ടവരില്‍ 60 ശതമാനവും പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായ പാകിസ്ഥാന്‍ പൗരന്മാരെ സൗദി അറേബ്യയില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ അധികൃതര്‍ അടിയന്തര യാത്രാ രേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണിത്.
അനിയന്ത്രിതമായ സാഹചര്യങ്ങള്‍ പാക്കിസ്ഥാനി ഉംറ, ഹജ് തീര്‍ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി പാകിസ്ഥാന്‍ ദിനപത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റില്‍ ഭിക്ഷാടകരെന്ന് ആരോപിക്കപ്പെടുന്ന 11 പേരെ കറാച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയും സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറക്കുകയും ചെയ്തിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും പിന്നീട് സൗദി അറേബ്യയില്‍ താമസത്തിനായി യാത്ര ചെയ്യുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചു.