തിരുവനന്തപുരം: അധ്യാപികയായ കൊല്ലം പിറവന്തൂര്‍ സ്വദേശിനിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ ആരോപിച്ച് കുടുംബം. സംഭവത്തില്‍ സത്യം പുറത്തു വരണമെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് ബാബു പറഞ്ഞു.
”ശ്രുതി തൂങ്ങിമരിച്ചതല്ല. അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണം. മകള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും ശ്രുതിക്ക് കഴിയില്ല.
നാഗര്‍കോവില്‍ ആര്‍.ഡി.ഒ. ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ മരിക്കുന്നതിനു മുമ്പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ നല്‍കി. രണ്ടു മണിക്കൂറോളം ആര്‍.ഡി.ഒ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു..” – പിതാവ് പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. 21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവ് ചെമ്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.