പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഓർമ്മ ദിനാചരണവും, പ്രശസ്ത സാഹിത്യകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരവിജയികൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും ഇന്ന് (2024 ഒക്ടോബർ 31) ഭാരത് ഭവനിൽ നടക്കും . രാവിലെ 10 മണിക്ക് ഭാരത് ഭവനിലെ ശെമ്മാങ്കുടി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും 21 വിളക്കുകളിൽ ദീപ പ്രകാശനവും നടക്കും. ഭാരത് ഭവന്റെയും, വീണ സംഗീത് സംഘിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിമൻസ് കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നീ സംഗീത സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സ്മൃതിദിനം ആചരിക്കുന്നത്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഓർമ്മകൂട്ടായ്മ കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും.കുമാര കേരള വർമ്മ, ശെമ്മാങ്കുടി ഓർമ്മ പ്രഭാഷണവും, ചെറുകഥാകൃത്ത് സി .അനൂപ് സതീഷ് ബാബു പയ്യന്നൂർ സ്മൃതി ഭാഷണവും നടത്തും.
കലാലയ ചെറുകഥാ മത്സരത്തിൽ യഥാ ക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയ സൈനബ.എസ്, അദ്വൈത്.പി.ആർ, ഡി.പി. അഭിജിത്ത് എന്നിവർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം പ്രഭാവർമ്മ സമ്മാനിക്കും. തുടർന്ന് ഡോ.കെ.ആർ. ശ്യാമയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമൻസ് കോളജിലെ സംഗീത വിദ്യാർത്ഥികളും,സ്വാതി തിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥികളും ഒരുക്കുന്ന സംഗീത അർച്ചന, ഹിന്ദുസ്ഥാനിസംഗീതഞ്ജ അബ്രദിതാ ബാനർജിയുടെ സ്വാതി ഖയാൽ, പാർവ്വതിപുരം പദ്മനാഭ അയ്യരുടെ ശിഷ്യർ ഒരുക്കുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സംഗീതം നൽകിയ സ്വാതി തിരുനാളിന്റെ പ്രശസ്ത ഭാവയാമി രഘുരാമം -കീർത്തനത്തിന്റെ ആലാപനം, ചെറു കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കഥയുടെ പാരായണം എന്നിവയും അരങ്ങേറും.
കെ.ആർ. അജയൻ, പാൽകുളങ്ങര അംബിക ദേവി, ലളിത ഗോപാലൻ നായർ, പ്രൊഫ.രുഗ്മിണി ഗോപാല കൃഷ്ണൻ, വി.എസ്.രാജേഷ്, മൃദംഗ വിദ്വാൻ തിരുവനന്തപുരം വി. സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ് പാർവതീപുരം പദ്മനാഭ അയ്യർ, പ്രൊഫ.ഈശ്വരവർമ്മ, ഗിരിജ സതീഷ്ബാബു എന്നിവരും ഓർമ്മക്കൂട്ടായ്മയിൽ സന്നിഹിതരാകും. വീണ സംഗീത സംഘ് സെക്രട്ടറി ടി.എൻ.ശ്രീകുമാരൻ തമ്പി സ്വാഗതവും, അഡ്വ.റോബിൻ സേവ്യർ നന്ദിയും രേഖപെടുത്തും. പ്രശസ്ത എഴുത്തുകാരൻ ബെന്യമിൻ ജൂറി ചെയർമാനായും, കേരള ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, കെ.ആർ അജയൻ, കെ.എ.ബീന ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ എന്നിവർ അടങ്ങിയ ജൂറിപാനലാണ് പ്രഥമ കലാലയ പുരസ്‌ക്കാര പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.