ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സതീശന്‍ തറ വര്‍ത്തമാനം പറയുകയാണ്. ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുകയാണ്. കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ല് കാരണം എല്‍.ഡി.എഫ്. തന്നെ വീണ്ടും അധികാരത്തിലെത്തും. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര.
എല്‍.ഡി.എഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക. കോണ്‍ഗ്രസിലെ അനൈക്യം എല്‍.ഡി.എഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസിനോട് വിരോധമില്ല. എന്നാല്‍, ചില നേതാക്കള്‍ വ്യക്തി വിദ്വേഷം തീര്‍ക്കുകയാണ്.
സുധാകരന്‍ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശന്‍ പറയുക. സുധാകരനെ മൂലയ്ക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.