ബംഗളൂരു: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ആരോഗ്യപരമായ കാരണങ്ങളാല്‍ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായാണ് നടന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ദര്‍ശന്റെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
കോടതിയുടെ തീരുമാനം ദര്‍ശന് വൈദ്യചികിത്സയ്ക്കായി ആറ് ആഴ്ച അനുവദിക്കും. എന്നാല്‍ ഈ കാലയളവിലും കോടതി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂണില്‍ ദര്‍ശനോടൊപ്പം നിരവധി പേര്‍ അറസ്റ്റിലായിരുന്നു. ആദ്യം ബംഗളൂരുവില്‍ പാര്‍പ്പിച്ച ദര്‍ശനെ പിന്നീട് വിഐപി പരിഗണനയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ബല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു.