വാഷിംഗ്ടണ്‍: റഷ്യൻ യൂണിഫോം ധരിച്ച് റഷ്യൻ ഉപകരണങ്ങളുമായി ഉത്തര കൊറിയൻ സൈനികർ യുക്രൈനിനടുത്തുള്ള കുർസ്ക് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇത് അപകടകമാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയിലേക്ക് 11,000 സൈനികരെ ഉത്തര കൊറിയ വിന്യസിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുനുമായി വാഷിംഗ്ടണിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഓസ്റ്റിൻ.
റഷ്യ ഉത്തരകൊറിയൻ സൈനികരെ യുദ്ധത്തിൽ ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഓസ്റ്റിൻ പറഞ്ഞു. വിന്യാസത്തെക്കുറിച്ച് എന്തുചെയ്യണമെന്ന് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത് യുക്രൈനിലെ സംഘര്‍ഷം ശക്തമാക്കുമെന്നാണ് യുഎസ് വിലയിരുത്തല്‍. വിന്യാസം കൊറിയൻ പെനിൻസുലയിൽ യുദ്ധത്തിന് തുടക്കമിടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിക്കുമെന്നും കിം പറഞ്ഞു.
ഏകദേശം 10,000 ഉത്തരകൊറിയൻ സൈനികർ ഇപ്പോൾ റഷ്യയിലുണ്ടെന്നാണ് യുഎസ് കണക്കാക്കിയിരിക്കുന്നത്. അവരിൽ 3,000-ത്തിലധികം പേർ പടിഞ്ഞാറൻ റഷ്യയിലെ യുദ്ധമേഖലകളിലേക്ക് നീങ്ങിയതായി കരുതുന്നു.
റഷ്യയുമായുള്ള യുക്രൈനിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ (30 മൈൽ) അകലെയാണ് ഉത്തര കൊറിയൻ സൈന്യം നിലവിൽ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഒരു യുക്രൈനിയൻ ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഉത്തര കൊറിയയും റഷ്യയ്ക്ക് യുദ്ധോപകരണങ്ങൾ നൽകിയിട്ടുണ്ട്. ഈ മാസമാദ്യം വൈറ്റ് ഹൗസ് ഉത്തര കൊറിയ 1,000 കണ്ടെയ്നർ സൈനിക ഉപകരണങ്ങൾ റെയിൽ മാർഗം കയറ്റി അയക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
ഓസ്റ്റിനും കിമ്മും വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ-യുൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.