ടെഹ്റാൻ: അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് ജർമൻ-ഇറാൻ പൗരനെ ഭീകരവാദക്കുറ്റം ചുമത്തി ഇറാനിൽ വധശിക്ഷയ്ക്കു വിധേയനാക്കി.
ജംഷിദ് ഷാമാദി(69)നെയാണു വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഇറാന്റെ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ച ജർമനി, പ്രതിഷേധസൂചകമായി ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിച്ചു. ബർലിനിലെ ഇറേനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അമേരിക്കൻ പൗരത്വംകൂടിയുള്ള ജംഷിദിനെതിരേ 2008ൽ ഇറാനിലെ ഷിറാസിലെ ഒരു മോസ്കിൽ നടന്ന ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് വിപ്ലവ കോടതി കുറ്റം ചുമത്തിയത്.
തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇസ്ലാമിക് വിപ്ലവ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതത്തിനു നിരക്കാത്ത മൂല്യങ്ങൾ പ്രചരിപ്പിച്ചെന്നും ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്തി.
അമേരിക്കൻ ഏജൻസികളായ എഫ്ബിഐയുമായും സിഐഎയുമായും ഇസ്രേലി ചാരസംഘടനയായ മൊസാദുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഇറാൻ ആരോപിച്ചിരുന്നു.