കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ ബുള്ളറ്റിന് തീപിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: നാദാപുരം പാറക്കടവില്‍ ദമ്പതികളുടെ ബൈക്കിന് തീപ്പിടിച്ചു. പാറക്കടവിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങിയ ദമ്പതികള്‍  ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊട്ടിത്തെറിയോടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അവിടെ നിന്നും ഓടിമാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 

ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും തീ അണച്ചു. ബൈക്ക് കത്തിനശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗപര്‍ണ്ണികയില്‍ ഹരിദാസന്റെ പേരിലുള്ളതാണ് ബുള്ളറ്റ്. ഏറെ തിരക്കുള്ള സ്ഥലത്തുണ്ടായ അപകടം ഏവരെയും പരിഭ്രാന്തരാക്കി. തീപ്പിടത്തത്തിന് പിന്നാലെ പാറക്കടവ് ടൗണും പരിസരവും അല്‍പനേരം പുകകൊണ്ട് മൂടി.

By admin