കോട്ടയം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഇന്നും ഫയര്‍ ഹൈഡ്രന്റുകളില്ല. ഓടുന്നതിനിടെ നിന്നു കത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളും യാതൊരു സുരക്ഷയുമില്ലാത്ത ബഹുനില കെട്ടിടങ്ങളും തുടര്‍ച്ചായി ഉണ്ടാകുന്ന വെടിക്കെട്ടപകടങ്ങളും ഒക്കെ നടക്കുന്ന നാട്ടില്‍ ഫയര്‍ഫോഴ്‌സാകട്ടേ പരാധീനതകളുടെ നടുവിലാണ്.
വേണ്ടത്ര ഫയര്‍സ്‌റ്റേഷനുകളുടെ അഭാവം, ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പോരായ്മ, ഇതെല്ലാം ഫയര്‍ഫോഴ്സിനെ വലയ്ക്കുന്നുണ്ട്. ദുരന്തമുഖത്തേക്ക് ആദ്യം ഓടി എത്തുക ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ്. കഴിഞ്ഞ കടുത്ത വേനലില്‍ വിശ്രമിക്കാന്‍ പോലുമാകാത്തത്ര കോളുകളാണു ഫയര്‍ സ്‌റ്റേഷനുകളില്‍ ലഭിച്ചത്.

അന്ന് ആവശ്യത്തിന് വെള്ളം ശേഖരിക്കാന്‍ ഫയര്‍ എന്‍ജിനുകള്‍ നെട്ടോട്ടം ഓടിയതോടെ ഫയര്‍ എന്‍ജിനുകളില്‍ വളരെ വേഗം വെള്ളം നിറയ്ക്കാനുള്ള സംവിധാനമായ ഫയര്‍ ഹൈഡ്രന്റ് നഗരങ്ങളില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഫയർ എൻജിനുകൾക്ക് ചെറിയൊരു തീപിടിത്തത്തെ നേരിടണമെങ്കില്‍ തന്നെ 10,000 ലീറ്ററിലധികം വെള്ളം വേണ്ടി വരും. വേനല്‍ക്കാലത്ത് അഗ്‌നിബാധ കൂടുതലായതിനാല്‍ പലപ്പോഴും ജലാശയങ്ങളില്‍ നിന്നാണ് വെള്ളം ശേഖരിക്കാറ്. എല്ലായിടത്തും ഇതിനു സൗകര്യം ഉണ്ടായെന്നു വരില്ല.

ഫയര്‍ എന്‍ജിനുകള്‍ ഒരു മിനിറ്റില്‍ 1500 ലീറ്റര്‍ മുതല്‍ 3500 ലീറ്റര്‍ വരെ വെള്ളം പമ്പുചെയ്യാന്‍ കഴിയുന്നവയാണ്. രണ്ടോ മൂന്നോ മിനിറ്റു കൊണ്ട് ഒരു ടാങ്ക് വെള്ളം തീരുകയും അവ നിറയ്ക്കാനായി വളരെയധികം സമയം ചെലവഴിക്കേണ്ടിയും വരുമ്പോള്‍ സേനാംഗങ്ങള്‍ അഗ്‌നിബാധയ്ക്കു മുന്നില്‍ നിസഹായരായി തീരുന്ന അവസ്ഥയാണുള്ളത്.

ഫയര്‍ഫോഴ്‌സിന്റെ ദുരിതം പരിഹരിക്കാനായുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചെങ്കിലും നപടികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാനത്തെ  പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്.

വാട്ടര്‍ അതോറിറ്റിയുടെ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നോ മറ്റ് ജലസ്രോതസുകളില്‍ നിന്നോ ആകും വെള്ളം ലഭ്യമാക്കുക. സേനയുടെ വാഹനങ്ങള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ഭൂമിക്ക് മുകളില്‍ വാല്‍വുകളുണ്ടാകും. ഫയര്‍ ഹൈഡ്രന്റില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാനും സാധിക്കും.

ഹൈഡ്രന്റ് സ്ഥാപിക്കാനായി ഫയര്‍ഫോഴ്‌സില്‍ നിന്ന് വാട്ടര്‍ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വാട്ടര്‍ അതോറിറ്റി സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് എക്‌സി. എന്‍ജിനിയര്‍മാരെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നിയോഗിച്ചു.

അസിസ്റ്റന്റ് എക്‌സി. എന്‍ജിനിയരുടെ നിര്‍ദ്ദേശപ്രകാരം അസി. എന്‍ജിനിയര്‍മാര്‍ എസ്റ്റിമേറ്റെടുക്കും. തുടര്‍ന്ന് ലഭിക്കുന്ന എസ്റ്റിമേറ്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പരിശോധിക്കുകയും ശേഷം സാമ്പത്തികാനുമതിക്കും ഭരണാനുമതിക്കുമായി സര്‍ക്കാരിന് നല്‍കും.

ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ഫയര്‍ ഹൈഡ്രന്റ് സ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപനം. ഫയര്‍ഹൈഡ്രന്റ് സ്ഥാപിക്കുന്നതിന് പണം ആരു നല്‍കുമെന്നതിലെ ആശക്കുഴപ്പമാണ് പദ്ധതി നടപ്പാക്കാന്‍ വൈകുന്നതെന്ന ആരോപണമാണ് ഉയരുന്നത്.  

പണം കിട്ടിയാല്‍ മാത്രമേ വാട്ടര്‍ അതോറിറ്റി പ്രധാന പൈപ്പു ലൈനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുള്ളു. ഇതോടെ നടപടിക്രമങ്ങള്‍ ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചു സംസ്ഥാനത്തെ പ്രധാനയിടങ്ങളില്‍ ഫയര്‍ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *