ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂരിൽ പതിനേഴുകാരന്റെ തല വെട്ടിമാറ്റി. ഭൂമിയെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് 17കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്.
അറ്റുവീണ മകന്റെ ശിരസ് മടിയില്‍വെച്ച് മാതാവ് മണിക്കൂറുകളോളം വിലപിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരബാദ്ഷാപൂരിലെ കബിറുദ്ദീൻ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലി പതിറ്റാണ്ടുകളായി രണ്ട് വിഭാഗങ്ങള്‍ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ബുധനാഴ്ച കാര്യങ്ങൾ അക്രമാസക്തമായെന്നും പൊലീസ് വ്യക്തമാക്കി.
രാംജീത് യാദവ് എന്നയാളുടെ മകനായ അനുരാഗാണ് കൊല്ലപ്പെട്ടത്. കുട്ടിയെ വാളെടുത്ത് വെട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി. പ്രധാന പ്രതി ഒളിവിലാണ്. കുറ്റം ചെയ്തവർക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നൽകുമെന്ന് ജൗൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു.