കൊല്ലം: കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. 
2019 ഡിസംബറില്‍ ഉച്ചയ്ക്ക് 1.30നാന് സംഭവം. രമണിയമ്മയുടെ ഇളയ മകന്‍ വിമല്‍ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. വീട്ടില്‍ ആരുമില്ലായിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടി വന്ന രമണിയമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും അയല്‍ക്കാരും ചേര്‍ന്ന് അടുക്കള വാതില്‍ ചവിട്ടി തുറന്ന് അകത്തേക്ക് കടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമണിയമ്മയേയും പ്രതിയേയുമാണ് കണ്ടത്. രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. 
കേസില്‍ ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുമ്പേ മരിച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ പ്രതിയുടെ ഭര്‍ത്താവ് വിമല്‍ കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ഗിരിത കുമാരിയും  അയല്‍വാസിയായ യുവാവും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *