‘ഹാപ്പി ദിപാവലി ഫ്രം സ്പേസ്’; ഭൂമിയുടെ 260 മൈല്‍ അകലെ നിന്നും ദീപാവലി ആശംസയുമായി സുനിതാ വില്യംസ്

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് 260 മൈൽ അകലെയായി ദിപാവലി ആഘോഷിക്കാനാണ് തനിക്ക് അവസരം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു. തന്‍റെ അച്ഛൻ വഴിയാണ് ദീപാവലിയെ കുറിച്ചും ഇന്ത്യയിലെ മറ്റ് ആഘോഷങ്ങളെ കുറിച്ചും മനസിലാക്കിയത് എന്നും സുനിത ആശംസ നോട്ടിൽ പറയുന്നുണ്ട്.

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്. വൈറ്റ് ഹൗസ് ദീപാവലി ആഘോഷങ്ങൾക്കും സുനിത ആശംസകൾ നേർന്നു. ബോയിംഗിന്റെ സ്റ്റാര്‍ ലൈന്‍ പേടകത്തില്‍ വീണ്ടും ബഹിരാകാശത്ത് എത്തിയ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാര്‍ ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്.  

2025 ഫെബ്രുവരിയില്‍  ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങിവരുമ്പോള്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഉണ്ടാകുമെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. നിക്ക് ഹഗ്യൂവിനെയും അലക്സാണ്ടര്‍ ഗോര്‍ ബുനോവിനുമൊപ്പമാണ് ഇവരും എത്തുക. ഇരുവര്‍ക്കുമുള്ള കസേരകള്‍ ഒഴിച്ചിട്ടാണ് ഡ്രാഗണ്‍ പേടകത്തെ നാസയും സ്പേസ് എക്സും ചേര്‍ന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. 

Read More : ‘ഓഫർ ക്ലോസസ് സൂൺ’; വിമാന യാത്ര, സ്വഗി, 3000 രൂപയുടെ വൗച്ചർ! ദീപാവലിയ്ക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ജിയോ

By admin