സെഞ്ചുറിയുമായി മിന്നി മന്ദാന, ന്യൂസിലന്‍ഡിനെ തൂത്തുവാരി ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടി ഇന്ത്യ
അഹമ്മദാബാദ്: സെഞ്ചുറിയുമായി മിന്നിയ സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത കിവീസിനോടുള്ള മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ ഇന്ത്യൻ വനിതകളുടെ സമ്പൂര്‍ണ ജയം. സ്കോര്‍ ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232ന് ഓള്‍ ഔട്ട്, ഇന്ത്യ 44.2 ഓവറില്‍ 236-4.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഷഫാലി വര്‍മയെ(12) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യാസ്തിക ഭാട്ടിയയും(35) സ്മൃതിയും ചേര്‍ന്ന് 76 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് അടിത്തറയിട്ടു. 35 റണ്‍സെടുത്ത യാസ്തികയെ കിവീസ് ക്യാപ്റ്റൻ സോഫി ഡിവൈന്‍ മടക്കിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സ്മൃതി ഇന്ത്യൻ ജയം അനായാസമാക്കി.
122 പന്തില്‍ 100 റണ്‍സെടുത്ത സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മടങ്ങി. പിന്നാലെ ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ഹര്‍മൻപ്രീത് ബാറ്റ് വീശി. 18 പന്തില്‍ 22 റണ്‍സെടുത്ത ജെമീമയെ വിജയത്തിന് ഒരു റണ്ണകലെ നഷ്ടമായെങ്കിലും സോഫി ഡിവൈനിനെ ബൗണ്ടറി കടത്തിയ ഹര്‍മന്‍പ്രീത് ഇന്ത്യയെ വിജയവര കടത്തി. റണ്ണൊന്നുമെടുക്കാതെ തേജാല്‍ ഹസ്ബാനിസും വിജയത്തില്‍ ഹര്‍മന്‍പ്രീതിന് കൂട്ടായി.
🚨 HISTORY AT NARENDRA MODI STADIUM 🚨
– Smriti Mandhana has the most hundreds for India in Women’s ODI history. pic.twitter.com/gStZU405ZW
— Johns. (@CricCrazyJohns) October 29, 2024
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിതകള്‍ക്കായി ബ്രൂക്ക് ഹാളിഡേ ആണ് ബാറ്റിംഗില്‍ മിന്നിയത്. 96 പന്തില്‍ 86 റണ്‍സെടുത്ത ഹാളിഡേക്ക് പുറമെ ജോര്‍ജിയ പ്ലിമ്മര്‍(39), ഇസബെല്ല ഗേസ്(25), ലിയാ താഹുഹു(24) എന്നിവരും തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 9 റണ്‍സെടുത്തും സൂസി ബേറ്റ്സ് നാലു റണ്‍സെടുത്തു പുറത്തായി. ഇന്ത്യക്കായി ദീപ്തി ശര്‍മ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.