മുംബൈ: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തതിന് പിന്നാലെ മഹാരാഷ്ട്രയില്‍ എംഎല്‍എയെ കാണാതായി. ശിവസേന ഷിന്‍ഡെ വിഭാഗത്തിലെ നേതാവായ ശ്രീനിവാസ് വംഗയെയാണ് കാണാതായത്.
വംഗയുടെ മണ്ഡലമായ പാല്‍ഘറില്‍ മുന്‍ എംപി രാജേന്ദ്ര ഗാവിതാണ് ഇത്തവണത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. സീറ്റ് ലഭിക്കാത്തതിന് പിന്നാലെ കാണാതായ എംഎല്‍എയ്ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഫോണുകളടക്കം ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിട്ടതിൽ തിങ്കളാഴ്ച വംഗ കുറ്റബോധവും പശ്ചാത്താപവും പ്രകടിപ്പിച്ചിരുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിട്ടത് തെറ്റാണെന്ന് സമ്മതിച്ച് 42 കാരനായ വംഗ പൊട്ടിക്കരഞ്ഞു. വിശ്വസ്തരായ പാർട്ടി അംഗങ്ങളെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംരക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.