മുളന്തുരുത്തി ചെങ്ങോലപ്പാലം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, നിർമ്മാണത്തിൻ്റെ പേര് പറഞ്ഞു പാടം നികത്തി കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനുള്ള യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കുക, ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി ചെങ്ങോലപ്പാടം സർവ്വീസ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, നിർമ്മാണം പൂർത്തിയായ പെരുമ്പിള്ളി ടേക്ക് എ ബ്രേക്ക് ഉടൻ പ്രവർത്തനം ആരംഭിക്കുക, പള്ളിത്താഴം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ ബസ് കാത്തു നിൽക്കുന്നതിനുള്ള വിപുലമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി തിരുകൊച്ചി മാർക്കറ്റിൽ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
അപ്രോച്ച് റോഡിൻ്റെ നിർമ്മാണം മാർച്ച് മാസത്തിൽ പൂർത്തീകരിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. സർവ്വീസ് റോഡിൻ്റെ ശോചനീയവസ്ഥയും ഉൾപ്പെടെ ഉള്ള വിഷയങ്ങൾ പരിഹരിക്കുന്നത് എം.എൽ എ നാളിതുവരെ യാതൊരു വിധ ഇടപെടലും നടത്തുന്നില്ല എന്ന മാത്രമല്ല യു ഡി.എഫ് ഭരണസമിതിയുടെ പാടം നികത്തി റോഡ് നിർമ്മാണത്തിനുള്ള വഴിവിട്ട നീക്കത്തിന് പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ജനവഞ്ചനയെന്ന് എൽഡിഎഫ് ആരോപിച്ചു.
കേരള കോൺഗ്രസ് (എം) മണ്ഡലം വൈസ് ചെയർമാൻ പി.പി. ജോൺസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ആർ ജെ ഡി ജില്ലാ സെക്രട്ടറി പി.വി. ദുർഗ്ഗാപ്രസാദ്, എ.ഐ.റ്റിയു സി ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.സി. മണി, കേരള കോൺഗ്രസ് (എം) മുളന്തുരുത്തി മണ്ഡലം പ്രസിഡൻറ് ജിബി ഏലിയാസ്, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ ജോഷി , അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.
ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് എം എൽ എയും ഗ്രാമപഞ്ചായത്ത് യു ഡി.എഫ് ഭരണസമിതിയും ഇടപെടുന്നതു വരെ തുടർസമരം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.