ഇസ്രായേല്‍:പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യഎയെ നിരോധിച്ച് ഇസ്രയേല്‍. 90 ദിവസത്തിനുള്ളില്‍ നിരോധനം നിലവില്‍ വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് പലസ്തീന്‍കാര്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്.
ഇസ്രയേലിലും അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഏജന്‍സിയുടെ സാന്നിധ്യം പരിമിതപ്പെടുത്തുകയും യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം നിരോധിക്കുകയും ചെയ്യുന്ന രണ്ട് നിയമങ്ങളാണ് ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയത്.
പാര്‍ലമെന്റില്‍ 92-10 എന്ന അനുപാതത്തിലായിരുന്നു ആദ്യ നിയമം പാസാക്കിയത്. ഇസ്രയേലിലെ ഏജന്‍സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്നതാണ് ആദ്യ നിയമം. ഏജന്‍സിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതാണ് രണ്ടാമത്തെ നിയമം. 87-9 എന്ന അനുപാതത്തിലാണ് നിയമം പാസാക്കിയത്. 
യുഎന്‍ആര്‍ഡബ്ല്യഎ സ്റ്റാഫ് അംഗങ്ങള്‍ ഹമാസിനായി പ്രവര്‍ത്തിക്കുന്നെന്ന വാദമുയര്‍ത്തിയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരോധന നടപടിയെ പ്രതിരോധിച്ചത്. ഇസ്രയേലിനെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏജന്‍സി അംഗങ്ങള്‍ ഏര്‍പ്പെടുന്നുണ്ടെന്നും നെതന്യാഹു വാദമുയര്‍ത്തി. പലസ്തീനില്‍ ദുരിതത്തില്‍ കഴിഞ്ഞ ജനങ്ങള്‍ക്ക് മാനുഷിക സഹായമെത്തിയിരുന്നത് ഏജന്‍സിയിലൂടെയാണ്. എന്നാല്‍, തങ്ങളുടെ അന്താരാഷ്ട്ര കൂട്ടാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഗാസയില്‍ മാനുഷിക സഹായം എത്തിക്കുമെന്നും നെതന്യാഹു അവകാശവാദമുയര്‍ത്തിയിട്ടുണ്ട്.
ഏജന്‍സിയെ ഭീകരവാദത്തില്‍ നിന്നും ഹമാസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ തയാറായില്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇസ്രയേല്‍ തയാറാകുമെന്നും തങ്ങളുടെ ജനങ്ങളെ ആക്രമിക്കാന്‍ ഇനിയും അനുവദിക്കാനാകില്ലെന്നും പാര്‍ലമെന്റ് അംഗം ഷരീന്‍ ഹസ്‌കല്‍ പറഞ്ഞു.
 ”ഭീകരനെപ്പോലെ പെരുമാറുന്ന ആര്‍ക്കും ഇസ്രായേലില്‍ അവകാശമില്ല…. യുഎന്‍ആര്‍ഡബ്ല്യഎയെ ഹമാസിന് തുല്യമാണ്.ആദ്യ നിയമം പാസാക്കിയതിനെത്തുടര്‍ന്ന്, ബില്ലിന്റെ ശില്പിയായ ലികുഡ് അംഗമായ ബോവാസ് ബിസ്മുത്ത് പറഞ്ഞു.
നെസെറ്റിലെ അറബ് അംഗങ്ങളുടെ കടുത്ത എതിര്‍പ്പും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും അവഗണിച്ച് ഈ നീക്കം മുന്നോട്ട് പോയി. 92 പേര്‍ അനുകൂലിച്ചും 10 പേര്‍ എതിര്‍ത്തുമാണ് ആദ്യ നിയമം അംഗീകരിച്ചത്. രണ്ടാമത്തേത് 9 പേര്‍ക്കെതിരെ 87 പേര്‍ അനുകൂലിച്ച് അംഗീകരിച്ചു.
വോട്ടെടുപ്പിനെ യുഎന്‍ആര്‍ഡബ്ല്യഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി വിമര്‍ശിച്ചു, ഇത് അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും യുഎന്‍ആര്‍ഡബ്ല്യഎയെ അപകീര്‍ത്തിപ്പെടുത്താനും പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് മനുഷ്യവികസന സഹായവും സേവനങ്ങളും നല്‍കുന്നതില്‍ അതിന്റെ പങ്ക് നിയമവിരുദ്ധമാക്കാനും നടന്നുകൊണ്ടിരിക്കുന്ന കാമ്പെയ്നിലെ ഏറ്റവും പുതിയതാണെന്ന് അദ്ദേഹംപറഞ്ഞു.
ഏജന്‍സിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് പലസ്തീനികളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം, ഉപജീവനം എന്നിവയെ ബാധിക്കുന്ന വിവാദപരമായ നിരോധനത്തെക്കുറിച്ച് അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അഗാധമായ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *