നീലേശ്വരത്ത് പക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായതിൽ കേസെടുത്ത് പോലീസ്. അതേസമയം അപ്രതീക്ഷിതമായുണ്ടായ അപകടത്തിൻ്റെ ഞെട്ടലിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള ദൃക്സാക്ഷികൾ. അപകടനില തരണം ചെയ്ത ശേഷം ആശുപത്രിയിൽ കഴിയുന്ന ഇവർ വിവിധ മാധ്യമങ്ങളോട് സംഭവം വിവരിച്ചു.
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുകാരെ ഓര്‍ക്കാനൊന്നും നേരം ഉണ്ടായിരുന്നില്ല. അങ്ങോട്ടേക്ക് ഓടുകയായിരുന്നു. മുമ്പില്‍ പൊള്ളലേറ്റു കിടക്കുന്ന കുട്ടികളും സ്ത്രീകളും. തീ കണ്ടു, കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല. പടക്കം ഉണ്ടായോ എന്നൊന്നും നോക്കിയില്ല’തെയ്യം കലാകാരനായ നിധിന്‍ പണിക്കര്‍ പറഞ്ഞു.
കൈയ്ക്കും കാലിനുമാണ് പരിക്കേറ്റതെന്നും മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി പറഞ്ഞു. മാലപടക്കം പൊട്ടിക്കുന്നതിന്‍റെ സമീപമായിരുന്നു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.
വലിയ പൊട്ടിത്തെറിയുണ്ടായതോടെ എല്ലാരും കൂടി പായുന്നതിനിടെ മുകളിലേക്ക് വീണു. പിന്നീട് ചേച്ചി തന്നെ എടുത്ത് ഓടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. രണ്ട് ചേച്ചിമാരും അനിയത്തിയുമാണ് കൂടെയുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി പറഞ്ഞു.
നീലേശ്വരം വെടിക്കെട്ട് അപകടം അന്വേഷിക്കാനായി പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്.