തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ ക്രൂരമായ അധിക്ഷേപം നടത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ ആത്മഹത്യാ പ്രേരണാക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ, നിയമനടപടികൾക്ക് വഴിതുറക്കുകയാണ്.
ദിവ്യ നിയമനടപടി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് കീഴടങ്ങാൻ അവർക്കുള്ള സൂചനയാണ്. നിയമത്തിന് കീഴടങ്ങാതെ നടപടികൾ ഇഴച്ചുനീക്കുന്നത് ഉപതിരഞ്ഞെടുപ്പുകളിലടക്കം ശക്തമായ തിരിച്ചടിയാവുമെന്ന് പാർട്ടി തിരിച്ചറിയുകയാണ്. 
38പേജുള്ള ഉത്തരവിൽ ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്നും പ്രതി രാഷ്ട്രീയ സ്വാധീനമുപയോഗിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.

പ്രസംഗത്തിന്റെ ഉദ്ദേശം എഡിഎമ്മിനെ അപമാനിക്കലായിരുന്നെന്ന് കോടതി ഉത്തരവിൽ കണ്ടെത്തിയ സ്ഥിതിക്ക് ഇനി പോലീസിന് ദിവ്യയെ രക്ഷിക്കാൻ കഴിയില്ലെന്ന് സ്ഥിതിയായി. ദിവ്യയെ കാണാതെ മാറിനടന്നിരുന്ന പോലീസ് ഇനിയെങ്കിലും നിയമപാലനത്തിന്റെ വഴിതേടുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മാർച്ച് 20ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇറക്കിയ ഉത്തരവിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. രാധിക കപാഡിയ കേസിലായിരുന്നു ഈ സുപ്രധാന ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 107 വകുപ്പുകൾ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കപ്പെടുന്നതിനുള്ളതാണ്.
മറ്റേതെങ്കിലും പ്രവൃത്തിക്ക് പ്രേരിപ്പിച്ചാൽ മതിയാവില്ല. പ്രേരണ ആരോപിക്കപ്പെടുന്ന പ്രതിയുടെ പ്രവൃത്തി, മരണപ്പെട്ടയാൽ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതായിരിക്കണം. മരിച്ചയാൾക്ക് അനുഭവപ്പെട്ടത് എന്തെന്നല്ല, മറിച്ച് പ്രതി ഉദ്ദേശിച്ചത് എന്താണ് എന്നാണ് ഈ ആത്മഹത്യാ പ്രേരണാ കുറ്റത്തിന്റെ കാതൽ. അങ്ങനെയാണെങ്കിൽ വിളിക്കാത്ത യോഗത്തിനെത്തി എഡിഎമ്മിനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ സംസാരിക്കുകയായിരുന്നു ദിവ്യ.
ഇത് ആസൂത്രിതവും ഗൗരവമുള്ളതുമാണെന്നാണ് ജാമ്യം നിഷേധിച്ച കോടതി ഉത്തരവിലുള്ളത്. പ്രസംഗത്തിന്റെ ഉദ്ദേശം എഡിഎ‌മ്മിനെ അപമാനിക്കുക തന്നെയായിരുന്നെന്ന് കോടതി കണ്ടെത്തിയത് ഈ കേസിൽ നിർണയാകമായി മാറും.

ഐ.പി.സി 306 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ബാധകമാക്കുന്നതിന് പ്രേരണ ആത്മഹത്യ പ്രേരിപ്പിക്കുന്നത് ആയിരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിലുള്ളത്. മറ്റൊരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രേരണ നൽകിയില്ലെങ്കിൽ 306, 107 വകുപ്പുകൾ ഹാധകമാവില്ല.

 മരണപ്പെട്ടയാൾ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രേരണയായി ആരോപിക്കപ്പെടുന്ന പ്രവൃത്തി ചെയ്തിരിക്കേണ്ടത്. മാനസിക ക്രൂരതയും പീഡനങ്ങളും ആത്മഹത്യാ പ്രേരണയ്ക്ക് തുല്യമാവുമെന്ന് മഹേന്ദ്ര കെ.സിയും കർണാടകവുമായുള്ള കേസിലും വിധിയുണ്ട്. ആത്മഹത്യാ പ്രേരണയിലേക്ക് നയിക്കുന്നതിന് ഒന്നോ അതിലധികമോ ആളുകളുമായി ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്നതും നിയമവിരുദ്ധമാണ്. 107-ാം വകുപ്പ് ചുമത്തപ്പെടാം.

മോഹിത് സിംഗാൾ കേസിലെ സുപ്രീംകോടതി ഉത്തരവും ദിവ്യയ്ക്ക് പ്രതികൂലമാണ്. മരണപ്പെട്ടയാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ഉദ്ദേശമുണ്ടായിരിക്കുകയും, ആ ഉദ്ദേശത്തോടെയുള്ള പ്രവൃത്തി, മരണപ്പെട്ടയാളെ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാ‌ർഗവുമില്ലാത്ത അസ്ഥയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചുള്ള തീവ്രതയും കടുപ്പവും ഉള്ളതായിരിക്കണം. ഇതിൽ പ്രതിയുടെ നേരിട്ടോ സജീവമോ ആയ പ്രവ‌ർത്തനം ഉണ്ടായിരിക്കണം.

മാത്രമല്ല മഹേന്ദ്ര കെ.സി കേസിൽ ചില സാഹചര്യങ്ങളിൽ ആവർത്തിച്ചുള്ള മാനസിക പീഡനം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായേക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യയ്ക്ക് മുൻപ് മരിച്ചയാളെ പ്രതി ഭീഷണിപ്പെടുത്തിയതും നിർണായകമാണ്.
അതേസമയം, പ്രണയ നൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ദുർബലമായ മാനസികാവസ്ഥയിൽ ഒരു വ്യക്തി എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

പ്രണയ പരാജയം മൂലം കാമുകൻ ആത്മഹത്യ ചെയ്‌താൽ സ്ത്രീക്ക് എതിരെയോ പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ എക്സാമിനർക്കെതിരെയോ ഇടപാടുകാരൻ കേസ് തള്ളിയതിന് ആത്മഹത്യ ചെയ്താൽ അഭിഭാഷകനെതിരെയോ പ്രേരണാക്കുറ്റം ചുമത്താൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി.

2023ൽ യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്ന കാരണത്താൽ കുറ്റം ചുമത്തിയ യുവതിക്കും അവരുടെ സുഹൃത്തിനും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ യുവതി തന്റെ മകനുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റ് പ്രതികൾ അവരുടെ പൊതു സുഹൃത്തായിരുന്നുവെന്നും പറയുന്നു.
യുവതിയും സുഹൃത്തും തമ്മിൽ വിവാഹിതരാകുന്നു എന്നു പറഞ്ഞതോടെയാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. ഇരുവരും കാരണം താൻ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇരുവരുടെയും പേരുകൾ കുറിപ്പിലുണ്ടെന്ന് പറഞ്ഞ കോടതി ആത്മഹത്യ പ്രഥമദൃഷ്ട്യാ യുവാവ് വേദന കുറിക്കുക മാത്രമാണ് ചെയ്തതെന്നും ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളുണ്ടെന്ന് കാണിക്കുന്ന യാതൊന്നും ഇല്ലെന്നും വിലയിരുത്തി.

കുറ്റാരോപിതർക്ക് ആത്മഹത്യയിലേക്ക് നയിക്കാൻ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെന്ന് അനുമാനിക്കാൻ കഴിയില്ല. മരിച്ചയാൾ വളരെ സെൻസിറ്റീവാണെന്ന് വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. യുവതി സംസാരിക്കാൻ വിസമ്മതിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും കോടതി കണ്ടെത്തി.

 

By admin

Leave a Reply

Your email address will not be published. Required fields are marked *