യുപി: അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താനൊരുങ്ങി യുപി ഗവണ്‍മെന്റ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തീയായി. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങളാണ് പ്രഭ ചൊരിയാനൊരുങ്ങുന്നത്. ഈ വര്‍ഷം പരിസ്ഥിതി സൗഹാര്‍ദപരമായാണ് ആഘോഷങ്ങളെല്ലാം നടക്കുന്നത്. ഈ വര്‍ഷത്തിലെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് അയോധ്യയില രാം മന്ദിര്‍ നിര്‍മ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ്.  ഈ വര്‍ഷം വലിയൊരു ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സര്‍ക്കാരിനുണ്ട്. 
ഇത്തവണ 28 ലക്ഷം ദിയകള്‍ (ചെറു മണ്‍ചെരാതുകള്‍) സരയൂനദീതീരത്ത് തെളിയിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ക്ഷേത്രത്തിനകത്ത് കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാന്‍ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനാണ് ഈ ദീപാവലിയില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നത്. രാം മന്ദിര്‍ മുഴുവനും പ്രത്യേകം പൂക്കള്‍ കൊണ്ട് അലങ്കരിക്കും.
ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാന്‍ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 മുതല്‍ (ഇന്ന് മുതല്‍) നവംബര്‍ 1 രാത്രി വരെ ക്ഷേത്രം ദര്‍ശനത്തിനായി തുറന്നിരിക്കും. സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിന്റെ 4ബി ഗേറ്റില്‍ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം കാണാനുള്ള അവസരം ക്ഷേത്രം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
സരയൂ നദിയുടെ 55 കല്‍പ്പടവുകളില്‍ 28 ലക്ഷം ദിയകള്‍ തെളിക്കാനായി 30,000 വോളന്റിയര്‍മാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകള്‍ വിളക്കു തെളിയിക്കുന്നതിന് മേല്‍നോട്ടവും വഹിക്കും. 80,000 ദിയകള്‍ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയര്‍മാരെയാണ് തയാറാക്കിയിരിക്കുന്നത്. നാളെയാണ് ദിയകള്‍ സരയൂ നദീ തീരത്ത് തെളിയുക.

By admin

Leave a Reply

Your email address will not be published. Required fields are marked *