കൊല്ലം: ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് . കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്.
2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രമണിയമ്മയുടെ മൂന്ന് ആൺമക്കളിലെ ഇളയ മകൻ്റെ ഭാര്യയാണ് ഗിരിത കുമാരി. പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി ഉറങ്ങി കിടന്ന രമണിയമ്മയുടെ തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടി വന്ന രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും അയൽക്കാരും രമണിയമ്മയെ ഉടന തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കേസിൽ ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുൻപ് മരിച്ചു പോയിരുന്നു. അടുത്ത ബന്ധുക്കൾ സാക്ഷിയായ കേസിൽ പ്രതിയുടെ ഭർത്താവ് വിമൽ കുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
പ്രതിയും അയൽവാസിയായ യുവാവും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നിർണ്ണായകമായ സാഹചര്യ തെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.