കമല ഹാരിസിന് പരസ്യ പിന്തുണ നൽകാനുള്ള വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ നീക്കം തടഞ്ഞ് ഉടമ ജെഫ് ബെസോസ്
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് പരസ്യ പിന്തുണ നൽകാനുള്ള വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ നീക്കം തടഞ്ഞ് പത്രമുടമ ജെഫ് ബെസോസ്. അമേരിക്കയിൽ വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണ്, പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കുന്നില്ല എന്നു മാത്രമല്ല പത്രത്തിന് പക്ഷപാതിത്വം ഉണ്ടെന്ന് തോന്നലുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആമസോണിന്റെ ഉടമയും ബിസിനസ് മാഗ്നെറ്റ് കൂടിയായ ജെഫ് ബെസോസ് പറയുന്നത്.
വാട്ടർഗേറ്റ് അഴിമതി അടക്കം പുറത്ത് കൊണ്ടുവന്ന അമേരിക്കയിലെ മികച്ച പത്രസ്ഥാപനങ്ങളിലൊന്നാണ് വാഷിംഗ്ടൺ പോസ്റ്റ്. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് വാട്ടർ ഗേറ്റ് അഴിമതിയേ തുടർന്നാണ് രാജി വച്ച് ഒഴിയേണ്ടി വന്നത്. എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ രാജി വയ്ക്കുകയും രണ്ട് ലക്ഷത്തോളം വരിക്കാർ നഷ്ടമാവുകയും ചെയ്തതിന് പിന്നാലെയാണ് കമല ഹാരിസനൊപ്പം നിൽക്കാനുള്ള പത്രത്തിന്റെ നീക്കം ഉടമയായ ജെഫ് ബെസോസ് തടഞ്ഞത്. തീരുമാനത്തെ ന്യായീകരിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനവും ജെഫ് ബെസോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരമ്പരാഗത അമേരിക്കൻ മാധ്യമങ്ങളിൽ വിശ്വാസം നഷ്ടമാകുന്നുവെന്നും തെറ്റായ വിവരം പ്രചരിപ്പിക്കപ്പെടുമോയെന്ന ജനങ്ങളുടെ ആശങ്കയും പരിഗണിച്ചാണ് തീരുമാനമെന്നാണ് ജെഫ് ബെസോസ് ലേഖനത്തിൽ വിശദമാക്കുന്നത്. മാധ്യമങ്ങൾ പക്ഷപാത പരമായി പ്രവർത്തിക്കുന്നതായാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. ഇത് കാണാത്തവർ യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നും യാഥാർത്ഥ്യത്തോട് പരാജയപ്പെടുന്നവർ പരാജയപ്പെടുന്നുവെന്നുമാണ് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ജെഫ് ബെസോസ് വിശദമാക്കുന്നത്. ബെസോസിന്റെ എയ്റോസ്പേസ് കമ്പനി ജീവനക്കാരും ട്രംപുമായി മീറ്റിംഗ് നടന്ന ദിവസമാണ് കമലയ്ക്ക് പരസ്യപിന്തുണ വേണ്ടെന്ന തീരുമാനം വന്നതെന്ന ആരോപണം ബെസോസ് നിഷേധിക്കുന്നു. പ്രത്യുപകാരമൊന്നും ഇല്ലെന്ന് ബെസോസ് വിശദമാക്കുന്നത്.
നേരത്തെ പുലിസ്റ്റർ അവാർഡ് അടക്കം നേടിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ഡേവിഡ് ഹോഫ്മാൻ വാഷിംഗ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജി വച്ചിരുന്നു. ട്രംപിന്റെ സ്ഥാനാർത്ഥിത്വം സ്വേച്ഛാധിപത്യത്തിന്റെ മുഖമാണെന്നും മാധ്യമങ്ങളുടെ ശബ്ദം തീരുമാനത്തോടെ നഷ്ടമായെന്നും വിശദമാക്കുന്ന കത്ത് നൽകിയാണ് ഡേവിഡ് ഹോഫ്മാൻ രാജിവച്ചത്. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇരുപതോളം കോളം എഴുത്തുകാരും തീരുമാനത്തിനെതിരെ സംയുക്ത പ്രസ്താവന നൽകിയിരുന്നു. വാഷിംഗ്ടൺ പോസ്റ്റിന്റെ മുൻ എഡിറ്റർ മാർട്ടി ബറോണും തീരുമാനത്തിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തീരുമാനം ഭീരുത്വമെന്നായിരുന്നു മുൻ എഡിറ്ററുടെ വിമർശനം.
സാമ്പത്തികമായ വലിയ പ്രതിസന്ധി വന്നപ്പോഴാണ് വാഷിംഗ്ടൺ പോസ്റ്റ് പത്രംജെഫ് ബെസോസിന്റെ കയ്യിൽ എത്തിയത് . ലോകത്തെ വലിയ സമ്പന്നൻമാരിലൊരാൾ അമേരിക്കൻ ജനാധിപത്യത്തിനും പത്രത്തിന്റെ വിശ്വാസ്യതക്കും വേണ്ടിയെന്ന അവകാശവാദത്തോടെ സംസാരിക്കുമ്പോൾ Democracy Dies in Darkness എന്ന മുദ്രാവാക്യമുയർത്തി ജോലി ചെയ്യുന്ന പത്രത്തിലെ ജീവനക്കാരുടേയും വായനക്കാരുടേയും എതിർപ്പ് നേടിയെടുക്കുന്ന അപൂർവ്വ കാഴ്ചയാണ് നിലവിലുള്ളത്.
വംശീയ വിദ്വേഷച്ചുവയുള്ള പരാമർശങ്ങളും മാധ്യമ വിദ്വേഷവും എപ്പോഴും പ്രകടിപ്പിക്കുന്ന ഡൊണൾഡ് ട്രംപ് , ആമസോൺ അടക്കം ബെസോസിന്റെ സംരംഭങ്ങൾക്ക് പലതരം തിരിച്ചടി നൽകാൻ ശ്രമിച്ചെന്നും ഇത്തവണ അതിൽ പിടിച്ചുനിൽക്കാനാവാതെ ബെസോസ് ട്രംപിനു കീഴടങ്ങിയെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. വാഷിംഗ്ടൺ പോസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധി കാലത്ത് പത്രം സ്വന്തമാക്കിയതിനുശേഷം ട്രംപിന്റെ വിദ്വേഷം വകവയ്ക്കാതെ ഇത്രയും കാലം പത്രത്തിനും പത്രപ്രവർത്തകർക്കും പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു ജെഫ് ബെസോസ്.