കണ്ണൂര്‍: അറസ്റ്റ്, കീഴടങ്ങല്‍ എന്നീ കാലങ്ങളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയും സിപിഎമ്മും രണ്ടു തട്ടിലേയ്ക്ക്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിവ്യ നിയമനടപടിക്ക് വിധേയയാകണം എന്ന സന്ദേശം സിപിഎം നേതൃത്വം ദിവ്യയ്ക്ക് കൈമാറിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും വരെ അറസ്റ്റിന് സാവകാശം അനുവദിക്കണമെന്ന് ദിവ്യ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍തന്നെ കീഴടങ്ങണമെന്ന സന്ദേശം ഇന്നലെ തന്നെ പാര്‍ട്ടി നേതൃത്വം ദിവ്യയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ദിവ്യ അതിനോട് വഴങ്ങിയില്ല. മാത്രമല്ല, ദിവ്യയുടെ രക്തസമ്മര്‍ദം ഉയരുകയും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവര്‍ ചികിത്സ തേടുകയും ചെയ്യുകയായിരുന്നു.
എന്നാലും കീഴടങ്ങലല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് പാര്‍ട്ടി ദിവ്യയോട് നിര്‍ദേശിച്ചതായാണറിവ്. പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇനിയും ദിവ്യയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണ നേതൃത്വം.
അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പാര്‍ട്ടിയേയും അറിയിച്ചിരുന്നു. ഇതോടെ ദിവ്യ സമ്മര്‍ദത്തിലാണ്. ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ദിവ്യ നടത്തുകയും ചെയ്തിട്ടുണ്ട്.