പാലക്കാട്: തീ പാറുന്ന ത്രികോണ മല്‍സരം നടക്കുന്ന പാലക്കാട് പാളയത്തില്‍ പടയൊരുക്കി ബിജെപി. സീറ്റ് നിഷേധത്തെ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ പാലക്കാട് പ്രചരണത്തിനിറങ്ങിയതോടെ ബിജെപി ക്യാമ്പ് കൂടുതല്‍ ഉഷാറായി.

താന്‍ സീറ്റ് മോഹിയാണെന്നും മാറിനില്‍ക്കുകയായിരുന്നെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി കൂടി നല്‍കിയാണ് അണികളെ ആവേശഭരിതരാക്കി ശോഭ പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്.

ഇതോടെ പാളയത്തില്‍ പടയില്ലാതെ ഒറ്റക്കെട്ടായി ബിജെപി കളത്തിലിറങ്ങുമ്പോഴും സിപിഎമ്മിലും കോണ്‍ഗ്രസിലും പഴയ പടയൊരുക്കങ്ങളുടെ അലയടികള്‍ മാറിയിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ് ഇന്ന് ഇടതു വേദിയിലെത്തിയത് യുഡിഎഫ് ക്യാമ്പിന് തിരിച്ചടിയാണ്. അതിനു പിന്നാലെ ഡിസിസി പ്രസിഡന്‍റ്, ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കെ മുരളീധരനെ നിര്‍ദേശിച്ച് നല്‍കിയ പഴയ കത്ത് ഇപ്പോഴും വിവാദ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

സിപിഎം പ്രാദേശിക നേതാവ് പാര്‍ട്ടി വിടാനൊരുങ്ങിയതും പിന്നീട് അദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിര്‍ത്തിയതും സിപിഎമ്മിന് കുറച്ചൊക്കെ ആശ്വാസമാണെങ്കിലും എന്‍.എന്‍ കൃഷ്ണദാസ് എക്സ് എംപി മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ ‘പട്ടി’ ഷോയുടെ അലയടികള്‍ അത്രകണ്ട് ഒതുങ്ങിയിട്ടില്ല.

മാധ്യമങ്ങള്‍ക്കെതിരായ ‘പട്ടി’ പരാമര്‍ശം പാര്‍ട്ടി തള്ളിയിട്ടും താനതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന കൃഷ്ണദാസിന്‍റെ പരാമര്‍ശം പാലക്കാട്ടെ ‘വരത്തന്‍’ സ്ഥാനാര്‍ഥിയുടെ സാധ്യതകള്‍ അട്ടിമറിക്കാനാണെന്ന തരത്തിലുള്ള സംശയങ്ങള്‍ സിപിഎമ്മിനുള്ളില്‍ പോലും ഉയരുന്നുണ്ട്.

കൃഷ്ണദാസിന്‍റെ മാധ്യമ വിമര്‍ശനം പരിധി കടന്നതോടെ ഇപ്പോള്‍ അദ്ദേഹത്തെ പരസ്യ പ്രചരണത്തിന് രംഗത്തിറക്കാന്‍ സിപിഎമ്മും മടി കാണിക്കുന്നുണ്ട്. 
കോണ്‍ഗ്രസില്‍ വിമതന്‍ സിപിഎം സ്ഥാനാര്‍ഥി ആയതു മുതല്‍ തുടങ്ങിയ ശനിദോഷം, ഇന്ന് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയ കെ മുരളീധരനില്‍ വരെ എത്തി നില്‍ക്കുകയാണ്.

മറ്റൊരു വിമതന്‍ ഷാനിബ് ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിക്കുമ്പോഴും കോണ്‍ഗ്രസുകാരനായി തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ അങ്ങനെതന്നെ ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ഇന്ന് ഇടതു യുവജന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

എന്തായാലും ശോഭ സുരേന്ദ്രന്‍റെ രംഗപ്രവേശത്തോടെ ബിജെപി തല്‍ക്കാലം സ്വന്തം പാര്‍ട്ടിയിലെ കലാപങ്ങളില്‍ നിന്ന് രക്ഷപെട്ടിരിക്കുകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *