ന്യൂ യോർക്കിന്റെ ദീപാവലി ആഘോഷത്തിനു മേയർ എറിക് ആഡംസ് ആയിരത്തിലേറെ അതിഥികളെ ഗ്രേസി മാൻഷനിൽ സ്വീകരിച്ചു. നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സാമൂഹ്യ ഉത്സാഹവും പ്രതിഫലിക്കുന്ന ആഘോഷമായി അത്.
ദീപാവലിക്കു സ്കൂൾ അവധി പ്രഖ്യാപിച്ച വർഷത്തിൽ ആഘോഷത്തിനു കൂടുതൽ പ്രാധാന്യം കൈവന്നു. അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ ആയിരുന്നു അതിനുള്ള ശ്രമങ്ങൾക്കു മുൻകൈയെടുത്തത്.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു മേയർ നൽകുന്ന ആദരം രാജ്‌കുമാർ എടുത്തു കാട്ടി. “അവർ അദ്ദേഹത്തെ ഹിന്ദു മേയർ എന്നു വിളിക്കുന്നു. ദീപാവലിക്കു സ്കൂൾ അവധി നൽകാമോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തീർച്ചയായും, അത് സാധ്യമാണ്.”തുളസി മന്ദിറിനു നേരെ ആക്രമണം ഉണ്ടായപ്പോൾ അതിനെ ഹിന്ദു വിദ്വേഷ കുറ്റമായി കണ്ടു നടപടി എടുക്കാൻ ആഡംസ് നിർദേശിച്ചെന്നു രാജ്‌കുമാർ ചൂണ്ടിക്കാട്ടി. “മേയർ ആഡംസ് മഹാഭാരതത്തിലെ അർജുനനെ പോലെയാണ്. അദ്ദേഹം ന്യൂ യോർക്കിൽ ജനജീവിതം മെച്ചപ്പെടുത്തുന്നു.”
ഇന്ത്യൻ അമേരിക്കൻ സമൂഹം നഗരത്തിനു നൽകിയ സംഭാവനകളെ മാനിക്കുന്നുവെന്നു ആഡംസ് പറഞ്ഞു. പ്രത്യേകിച്ച് മഹാമാരി ഉണ്ടായപ്പോൾ. ആരോഗ്യ രക്ഷാ രംഗത്തും ബിസിനസിലും അവരുടെ സേവനം മികച്ചതാണ്.
മീരാ ജോഷിയെ ആദ്യത്തെ ഡെപ്യൂട്ടി മേയറായി നിയമിച്ചത് സമൂഹത്തിന്റെ വർധിക്കുന്ന രാഷ്ട്രീയ സ്വാധീനമാണ് കാട്ടുന്നത്.”ദീപാവലി ഇരുട്ടിനെ അകറ്റുന്ന വിളക്കാവുന്നതു പോലെ, നമുക്ക് വിദ്വേഷത്തെയും ലോകമൊട്ടാകെ നിറയുന്ന ഇരുട്ടിനെയും അകറ്റാം,” ആഡംസ് പറഞ്ഞു. “അത് ഇവിടെ ന്യൂ യോർക്കിൽ തുടങ്ങാം. അത് ദീപാവലിക്കു തുടങ്ങാം.”
എച് കെ ഷായും മാലതി ഷായും ചേർന്നു സ്ഥാപിച്ച വേൾഡ് വേഗാൻ വിഷന്റെ സസ്യ മധുര പലഹാരങ്ങൾ ആഘോഷത്തിന്റെ ഭാഗമായി.