മലപ്പുറം: മുസ്ലിം ലീഗിന് എതിരെ വീണ്ടും സമസ്ത നേതൃത്വം. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാരാണ് എന്നും എന്നാൽ ചില രാഷ്ട്രീയക്കാർ സ്ഥാനം ഏറ്റെടുത്ത് പണ്ഡിതനാണ് എന്ന് തെളിയിക്കാനാണ് ശ്രമമെന്നും സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം ആക്ഷേപിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണാക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടായിരുന്നു സമസ്ത മുശവറ അംഗം കൂടിയായ ഉമ്മർ ഫൈസി മുക്കത്തിൻ്റെ വിമർശനം. ഇരു സംഘടനകളും വീണ്ടും ഭിന്നിപ്പിൻ്റെ പാതയിലാകുന്നു എന്ന സൂചനയാണ് ഇതിലൂടെ വീണ്ടും പുറത്തുവരുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയാണ് സമസ്ത രംഗത്തുവരുന്നത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലാണ് വിമർശനം.
മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും സമസ്ത നേതാവ് ഉമർ ഫെെസി മുക്കം വിമർശിച്ചു. സമസ്തയുടെ ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം.
കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇപ്പോൾ ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട് വിമർശനം ഇങ്ങനെ നീണ്ടു.
സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തി. കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജ് വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നവർ കരുതിയിരിക്കുന്നത് നല്ലതാണെന്നും അവരെ എതിർക്കാനുള്ള ആയുധം സമസ്തയുടെ കൈയ്യിലുണ്ടെന്നും ഉമർ ഫൈസി മുക്കം ഓ‍ർമപ്പെടുത്തി.
മുൻപ് പല വിഷയത്തിലും സമസ്ത ലീഗ് ഭിന്നിപ്പ് മറ നീക്കി പുറത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം അത് പ്രതിഫലിക്കും എന്ന ഘട്ടത്തിൽ  സമസ്ത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഐക്യ സന്ദേശം നൽകാനായിരുന്നു ലീഗ് നേതൃത്വം ശ്രമിച്ചത്.
ഇടതുപക്ഷ പാർട്ടികളോട് അനുഭാവം പുലർത്തുന്ന ചിലർ സമസ്ത നേതൃത്വത്തിലുണ്ടെന്ന ആക്ഷേപമായിരുന്നു ഉമ്മർ ഫൈസി മുക്കം അടക്കമുള്ളവരെ ലക്ഷ്യമിട്ട് ലീഗ് നേതൃത്വം അന്ന് വ്യക്തമാക്കിയത്.
ഇപ്പോൾ ഭിന്നത വീണ്ടും പരസ്യമാവുമ്പോൾ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള വിമർശനത്തെ മുസ്ലിം ലീഗ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് അറിയേണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *