പൊതുവിടത്തിൽ ഒരാളെ മുഖത്തിടിച്ച് വീഴ്ത്തി എംപി, 24 മണിക്കൂറിനുള്ളിൽ സസ്പെൻഷനുമായി ലേബർ പാർട്ടി

ബ്രിട്ടൻ: ഒരാളെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി മർദ്ദിച്ച പാർലമെന്റ് അംഗത്തെ സസ്പെൻഡ് ചെയ്ത് ലേബർ പാർട്ടി. ബ്രിട്ടനിലെ റൺകോൺ ആൻഡ് ഹെൽസ്ബി മണ്ഡലത്തിൽ നിന്നുള്ള എംപിയായ മൈക്കൽ ലീ അമേസ്ബറിക്കെതിരെയാണ് ലേബർ പാർട്ടി നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവത്തിന് ആസ്പദമായ അക്രമം നടന്നത്. എംപി ഒരാളോട് തർക്കിക്കുന്നതും പിന്നാലെ മുഖത്തിടിച്ച് റോഡിലേക്ക് ഇടുന്നതും നിലത്ത് വീണ ആളെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആളുകൾ ഇടപെട്ട ശേഷവും മർദ്ദനം തുടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ചെഷയറിലെ ഫ്രോഡ്‌ഷാം എന്ന സ്ഥലത്ത് വച്ചായിരുന്നു അക്രമം. ഭീഷണിപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചായിരുന്നു ബ്രീട്ടീഷ് പാർലമെന്റ് അംഗത്തിന്റെ മർദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമാണ് പുറത്ത് വിട്ടത്. ചെഷയർ പൊലീസുമായി സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് മൈക്കൽ ലീ അമേസ്ബറി സഹകരിക്കുന്നതായാണ് ലേബർ പാർട്ടി വക്താവ് വിശദമാക്കിയത്. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് പാർട്ടി അംഗത്വത്തേക്കുറിച്ച് തീരുമാനമെടുക്കുമെന്നും പാർട്ടി വക്താവ് വിശദമാക്കി. 

സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുന്നതിനിടെ തനിക്ക് നേരെ ഭീഷണി വരുന്ന സാഹചര്യമുണ്ടായതായാണ് സംഭവത്തേക്കുറിച്ച് മൈക്കൽ ലീ അമേസ്ബറി പ്രതികരിച്ചിട്ടുള്ളത്. ജൂലൈയിലെ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം നടപടി നേരിടുന്ന എട്ടാമത്തെ എംപിയാണ് മൈക്കൽ ലീ അമേസ്ബറി. എന്നാൽ സ്വകാര്യ ജീവിതത്തിലെ പെരുമാറ്റ ദൂഷ്യം മൂലം നടപടി നേരിടുന്ന ആദ്യത്തെ എംപിയാണ് മൈക്കൽ ലീ അമേസ്ബറി. എംപിയുടെ അതിക്രമ വീഡിയോ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് എംപിക്കെതിരെ പാർട്ടി നടപടി വരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin