കോട്ടയം: നടപ്പാതയ്ക്കു നടുവില്‍ ക്രാഷ് ബാരിയിയര്‍!, കേട്ടിട്ട് അതിശയിക്കക്കേണ്ട.. ഏറെനാള്‍ കാത്തിരുന്ന പൂര്‍ത്തിയാക്കിയ വൈക്കം വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിലാണു വിചിത്ര എന്‍ജിനിയറിങ് വൈഭവം കാണാന്‍ സാധിക്കുന്നത്. അടുത്തിടെയാണ് പാലത്തിന്റെ അപ്രോച്ച് റോഡ് മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്തത്.
പിന്നാലെ നടപ്പാതയും  വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു താഴേയ്ക്കു പതിക്കാതിരിക്കാനും കാൽ നട യാത്രക്കാരെ ഇടിക്കാതിരിക്കാനിയും ക്രാഷ്ബാരിയറും സ്ഥാപിച്ചു. സാധാരണ റോഡ് അവസാനിക്കുന്നിടത്തും നടപ്പാത ആരംഭിക്കുന്ന ഭാഗത്തുമാണു ക്രാഷ്ബാരിയര്‍ സ്ഥാപിക്കുക. പക്ഷേ, അഞ്ചുമന പാലത്തില്‍ അത് നടപ്പാതയുടെ നടുവിലായി പോയി എന്നു മാത്രം.
ഇതോടെ നടപ്പാതയിലൂടെ നടക്കാന്‍ കാല്‍നട യാത്രക്കാര്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. വന്‍ വിമര്‍ശനമാണ് നട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.  ഏറെ പ്രതിസന്ധികൾക്കൊടുവിൽ 4 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്.
1956ല്‍ നിര്‍മിച്ച അഞ്ചുമന പാലം അപകട ഭീഷണിയിലായതോടെ 2020 ഒക്ടോബറിലാണ് പൊളിച്ചുനീക്കിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3.31 കോടി രൂപ മുതല്‍മുടക്കി 18 മീറ്റര്‍ നീളത്തില്‍ ഒരു വര്‍ഷത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു.
പാലത്തിനു മതിയായ ഉയരമില്ലാത്തത്, സമീപനപാതയുടെ നിര്‍മാണത്തിന് വെച്ചൂര്‍ പൊലീസ് ഔട്‌പോസ്റ്റിനു സമീപത്തെ ഒന്നര സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വസ്തു ഉടമയുമായുണ്ടായ തര്‍ക്കം, കരാര്‍ കാലാവധി കഴിഞ്ഞതോടെ കരാറുകാരന്‍ പിന്മാറിയത് ഉള്‍പ്പെടെയുള്ളവ നിര്‍മാണം വൈകാന്‍ കാരണമായിരുന്നു.
സമീപനപാതയുടെ നിര്‍മാണത്തിന് സമീപത്തെ സ്ഥലം ഉടമ സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാണം നിലച്ചതെന്ന് പ്രചാരണവും ഇക്കാലയളവിൽ നടന്നു. പിന്നിലെ കുടുംബത്തെ ഒറ്റപ്പെടു ഞാൻ ശ്രമവും ഉണ്ടായി.
എന്നാല്‍, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും വീട്ടിലേക്കുള്ള കുടിവെള്ളവും റോഡും ഇല്ലാതാക്കരുതെന്നും അതിന്റെ രേഖകള്‍ നല്‍കണമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കാട്ടി കുടുംബം ഫ്‌ലെക്‌സ് ബോര്‍ഡ് വരെ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇവരുമായുള്ള ചര്‍ച്ചയ്ക്ക് അന്നത്തെ വൈക്കം തഹസില്‍ദാര്‍ ടി.എന്‍.വിജയനെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി.
ഇതിനിടെ കുമരകത്ത് നടന്ന ജി-20 ഉച്ചകോടിയുടെ ഷെര്‍പ്പ സംഗമത്തോടനുബന്ധിച്ച് നിര്‍മാണം നിലച്ച പാലം കൂറ്റൻ ഫ്‌ലെക്സ് ഉപയോഗിച്ചു മറച്ചുവച്ചത് നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇനി ഇത്തരം സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നാണക്കേട് മറക്കാന്‍ സര്‍ക്കാര്‍ ഫ്‌ലെക്‌സ് കെട്ടി മറക്കുമോ എന്നാന് നാട്ടുകാര്‍ ചോദിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *