മുംബൈ: ബാരാമതി നിയമസഭാ സീറ്റില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
അനന്തരവനും ശരദ് പവാറിന്റെ ചെറുമകനുമായ യുഗേന്ദ്ര പവാറാണ് എതിര്‍ സ്ഥാനാര്‍ത്ഥി.
ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഇത്തവണ ബാരാമതി സീറ്റില്‍ വീണ്ടും പവാര്‍ കുടുംബം നേര്‍ക്കു നേര്‍ വരുന്നത്.
ഏഴു തവണ ഈ സീറ്റില്‍ വിജയിച്ച അമ്മാവനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ സങ്കടമുണ്ടെന്നാണ് യുഗേന്ദ്ര പവാര്‍ എന്‍ഐയോട് പറഞ്ഞത്.
തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി, അജിത് പവാര്‍ റോഡ്‌ഷോ നടത്തിയിരുന്നു. ഇത്തവണയും ബാരാമതിയിലെ ജനങ്ങള്‍ തനിക്ക് ജനവിധി നല്‍കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്കെതിരെ ഏതെങ്കിലും സ്ഥാനാര്‍ത്ഥി വന്നാല്‍ ഞാന്‍ അവരെ ശക്തനായ സ്ഥാനാര്‍ത്ഥിയായി കണ്ട് അതിനനുസരിച്ച് പ്രചാരണം നടത്തുന്നു. ഇത്തവണയും ബാരാമതിയിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമെന്നും എനിക്ക് അവരില്‍ വിശ്വാസമുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.