ഒരുവശത്ത് മരണം മണക്കുന്ന കൊക്ക, മറുപുറം മലനിരകള്‍, ഹിമാലയം തന്ന അനുഭവങ്ങളില്‍ എല്‍നാദ് റെജി

ഒരുവശത്ത് മരണം മണക്കുന്ന കൊക്ക, മറുപുറം മലനിരകള്‍, ഹിമാലയം തന്ന അനുഭവങ്ങളില്‍ എല്‍നാദ് റെജി

 

മഞ്ഞണിഞ്ഞു നില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍, ജലപാതങ്ങള്‍, പൈന്‍ മരക്കാടുകള്‍, ഒറ്റക്കല്ലുകള്‍, വെളുത്ത മഞ്ഞിലാകെ നിറങ്ങള്‍ വാരിവിതറുന്ന അതിമനോഹരമായ സൂര്യോദയവും സന്ധ്യയും… ഹിമാലയന്‍ മലനിരകളില്‍നിന്നുള്ള ഇത്തരം ഏറെ കാഴ്ചകളും അനുഭവങ്ങളുമുണ്ട് പാലാ സെന്റ് തോമസ് കോളേജിലെ എന്‍സിസി നേവല്‍ വിങ് ലീഡിങ് കേഡറ്റ് എല്‍നാദ് റെജിക്ക് പറയാന്‍. ഒരു മാസത്തിലേറെ നീണ്ടു നിന്ന എന്‍ സി സിയുടെ ഹിമാലയ മൗണ്ടനിയറിങ് ക്യാമ്പില്‍ നിന്ന് മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിഭാഗം വിദ്യാര്‍ത്ഥി എല്‍നാദ് മടങ്ങിയെത്തിയത് ഹൃദയത്തില്‍ മായാതെ സൂക്ഷിക്കാനുള്ള അനേകം ഓര്‍മ്മകളുമായാണ്.

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 24 വരെ ഒരു മാസമായിരുന്നു ഹിമവാന്റെ മടിത്തട്ടില്‍ എല്‍നാദിന്റെ ദിനങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച് എല്‍നാദ് ഉള്‍പ്പെടെ മൂന്ന് എന്‍ സി സി കേഡറ്റുകള്‍ക്കാണ് ക്യാമ്പില്‍ അവസരം ലഭിച്ചത്. ഒരാഴ്ചത്തെ ചിട്ടയായ ക്ലാസുകള്‍ക്കും കഠിനമായ പരിശീനത്തിനും ശേഷമാണ് ഡാര്‍ജിലിങ് മുതല്‍ സിക്കിമിലെ യുക്‌സാം, ജിയോചലാ തുടങ്ങിയ പര്‍വ്വതപ്രദേശങ്ങളിലുടെ ഹിമാലയന്‍ താഴ്വരിയിലെത്തിച്ചേര്‍ന്നത്.

ഒരുവശത്ത് മരണം മണക്കുന്ന കൊക്ക, മറുപുറം മലനിരകള്‍, ഹിമാലയം തന്ന അനുഭവങ്ങളില്‍ എല്‍നാദ് റെജി

‘മഴയായിരുന്നു, ഇടയ്ക്കിടെ. ക്യാമ്പിന്റെ ആദ്യ ദിനങ്ങള്‍ അതിനാല്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. വെറുതെ കളയാന്‍ സമയമില്ലാഞ്ഞതിനാല്‍ പോകും വഴിതന്നെ സെലക്ഷന്‍ നടന്നു. 20 കിലോ ഭാരം തൂക്കി 39 കിലോമീറ്റര്‍ ട്രക്ക് ചെയ്യുക എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ ഹിമാലയന്‍ താഴ്വരയും ഭൂപ്രകൃതിയും അതിനെല്ലാമപ്പുറമായിരുന്നു.”എല്‍നാദ് റെജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

എളുപ്പമായിരുന്നില്ല ഹിമാലയം ട്രക്കിങ്ങ്. ”ഏകദേശം 16000 അടി ഉയരം വരുന്ന റെനോക്ക് പീക്ക് ഞങ്ങള്‍ കീഴടക്കി. ട്‌ഷോക്കയിലൂടെ ട്രക്കിംഗ് നടത്താനുള്ള അവസരവും ലഭിച്ചു. ഒരു വശം മുഴുവന്‍ മരണം മണക്കുന്ന കൊക്കയാണ്. മറുപുറം മനോഹരമായ മലനിരകള്‍. നിരപ്പായ വഴികളില്ല. വലുതും ചെറുതുമായ കല്ലുകളും പാറകളുമാണ്. അതിനെ ചവിട്ടി മറികടന്നാണ് ഹിമാലയന്‍ ബേസ്‌ക്യാമ്പിലെത്തിയത്. വൈദ്യുതിയും ഇന്റര്‍നെറ്റുമൊന്നുമില്ലാത്ത ഗ്രാമങ്ങളാണത്…”എല്‍നാദ് ആ നാളുകള്‍ ഇങ്ങനെ ഓര്‍ത്തെടുത്തു.

ക്യാമ്പിലെ പതിനഞ്ച് ദിവസം കുളിച്ചിട്ടേയില്ലെന്ന് എല്‍നാദ് പറയുന്നു. ”കുടിവെള്ളത്തിനാണ് ഏറ്റവും കഷ്ടപ്പെട്ടത്. മഞ്ഞുരുകുന്ന വെള്ളം വേണം കുടിക്കാന്‍. ഗ്രാമീണരുടെ ഏറ്റവും വലിയ ദുരിതവും അതുതന്നെയാണ്…’

അതിസാഹസികമായ യാത്രയുടെ സന്തോഷത്തിനൊപ്പമാണ് ആ ഭൂപ്രകൃതി തന്ന ഓര്‍മ്മകളെന്ന് പറയുന്നു എല്‍നാദ്. ”വരയാടും യാക്കും മേഞ്ഞു നടക്കുന്ന താഴ്വരയാണ്. രാത്രിയായാല്‍ ചന്ദ്രന്റെ പ്രകാശം മലമുകളില്‍ പതിക്കുന്ന കാഴ്ചയാണ്. ഉറങ്ങാതെ കണ്ടിരിക്കാന്‍ തോന്നും. മണല്‍ വാരിയെറിഞ്ഞതുപോലെ ആകാശം നിറയെ നക്ഷത്രങ്ങളാവും. നാലും അഞ്ചും വസ്ത്രങ്ങള്‍ ധരിച്ച് ഇതുകാണാന്‍ മാത്രം പുറത്തിറങ്ങി നില്‍ക്കും. പരസ്പരം സഹായിച്ചാണ് ഞങ്ങള്‍ ട്രക്ക് പൂര്‍ത്തിയാക്കിയത്.’ എല്‍നാദ് പറയുന്നു.

By admin