കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ ഓട്ടപ്രദക്ഷിണത്തിനിടെ കോട്ടയം സന്ദര്‍ശനം പതിവാക്കി സ്ഥാനാര്‍ഥികള്‍. പ്രിയങ്ക ഗാന്ധി ഒഴിയെുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കോട്ടയത്ത് എത്തിയപ്പോള്‍ എല്‍.ഡി.എഫില്‍ നിന്നു പി. സരിനാണു കോട്ടയം സന്ദര്‍ശിച്ചത്.
സ്ഥാനാര്‍ഥികള്‍ കോട്ടയത്ത് എത്തിയപ്പോഴൊക്കെ വിവാദങ്ങളും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷമാണു പ്രചാരണം തന്നെ ആരംഭിച്ചത്. ഇതിനിടെ രാഹുലിന്റെ സന്ദര്‍ശനം സംബന്ധിച്ചു ആരോപണങ്ങളും ഉണ്ടായി.

 ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എം.എല്‍.എ എതിര്‍ത്തെന്നായിരുന്നു പ്രചാരണം. കൂടാതെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ചാണ്ടി ഉമ്മന് അതൃപ്തി എന്ന പ്രചാരണവും ഉണ്ടായി. ഇത് അടിസ്ഥാനരഹിതമാണെന്നും തന്നെ ഏറെ വേദനിപ്പിച്ചുവെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടു പ്രാവശ്യമാണു കോട്ടയം സന്ദര്‍ശിച്ചത്.പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അനുഗ്രഹം തേടിയെത്തിയതായിരുന്നു ആദ്യത്തെ തവണ.

 ഉമ്മന്‍ ചാണ്ടിയുടെ വില എന്തെന്ന് ഇന്നും അറിയുന്നുണ്ട്. എപ്പോഴും തങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് അദ്ദേഹത്തിന്റെ അടുത്തു നിന്ന് അനുഗ്രഹം വാങ്ങിയിട്ടാണു പോയത്. പുതുപ്പള്ളിയിലെ കല്ലറയില്‍ നിന്നുള്ള അനുഗ്രഹവുമായാണു താന്‍ ഇത്തവണയും മത്സരിക്കാന്‍ പോകുന്നതെന്നും രമ്യ പറഞ്ഞു. രണ്ടാം സന്ദര്‍ശനം ഇന്നു എന്‍.എസ്.എസ് ആസ്ഥാനത്തേക്കായിരുന്നു.

പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. പി.സരിന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഞെട്ടിച്ചിരുന്നു. മെഴുകുതിരി തെളിച്ചു കല്ലറയ്ക്കു വലം വച്ചു പ്രാര്‍ഥിച്ചു.

ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും, തന്റെ വഴികളിലെ ശരികള്‍ ഇനിയും പിന്തുടരുമെന്നും സരിന്‍ അന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്നു പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും സരിന്‍ സന്ദര്‍ശിച്ചിരുന്നു.
പി. സരിന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുന്നതു നല്ല കാര്യമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. സി.പി.എമ്മിന്റെ മുഴുവന്‍ നേതാക്കളും ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയട്ടെയെന്നും രാഹുല്‍ പറഞ്ഞു.

 സരിന്റെ സന്ദര്‍ശനം ജില്ലയിലെ യു.ഡി.എഫ് നേതാക്കളെയും അമ്പരപ്പിച്ചെങ്കിലും വിവാദങ്ങളിലേക്കു പോകാതെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ആര്‍ക്കും വന്നു പ്രാര്‍ഥിക്കാമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

അതേ സമയം ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂരനിലപാടാണു സ്വീകരിക്കുകയെന്ന് എന്‍.എസ്.എസ്. വ്യക്തമാക്കിയിരുന്നു. മുന്‍പു ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ല എന്നു ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ലെന്നും ജി. സുകുമാരന്‍ നായര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യക്തമാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *