ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമെനെയിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. ഖമേനെയി ഗുരുതരവാസ്ഥയിലാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിനെതിരെ ഹമാസും ഹിസ്ബുല്ലയും അഴിച്ചുവിടുന്ന ആക്രമണങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന നേതാവാണ് ഖമെനെയി. അടുത്തിടെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസം ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ സാഹചര്യം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നേതാവിന്റെ ആരോഗ്യം ക്ഷയിച്ചെന്ന വാർത്ത പുറത്തുവരുന്നത്.
1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ഇപ്പോൾ 85-കാരനായ ആയത്തൊള്ള അലി ഖമെനെയി. ഖമേനെയി അർബുദ ബാധിതനാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ഖമേനെയിയുടെ രണ്ടാമത്തെ മകൻ മൗജ്തബ ഖമേനെയി (55) പിൻഗാമിയാകുമെന്നാണ് സൂചന.
ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുല്ലയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ അടിമുടി ബാധിച്ചിരുന്നു. ഖമേനെയിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്.