ഗാസ യുദ്ധത്തിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇസ്രയേലി പക്ഷത്താണ് നിൽക്കുന്നത് എന്ന വിലയിരുത്തലിലാണ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ അവരെ പിന്തുണയ്ക്കേണ്ടതില്ല എന്ന തീരുമാനം ‘ലോസ് ആഞ്ചലസ് ടൈംസ്’ ഉടമ പാട്രിക് സൂൺ-ഷിയോംഗ് എടുത്തതെന്ന് അദ്ദേഹത്തിന്റെ പുത്രി നിക സൂൺ-ഷിയോംഗ് ശനിയാഴ്ച്ച വെളിപ്പെടുത്തി.
“പ്രസിഡന്റ് സ്ഥാനാർഥിയെ പിന്തുണയ്ക്കേണ്ടതില്ല എന്ന തീരുമാനം ഞങ്ങൾ കുടുംബത്തോടെ എടുത്തതാണ്,” അവർ ന്യൂ യോർക്ക് ടൈംസിനു നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇതാദ്യമാണ് ഞാൻ ഈ പ്രക്രിയയുടെ ഭാഗമാവുന്നത്.”
ഇസ്രയേൽ ഗാസയിൽ വംശീയ ഉന്മൂലനമാണ് നടത്തുന്നതെന്നു അവർ ആരോപിച്ചു.
ഇടതുപക്ഷ ആക്ടിവിസ്റ്റായ നിക സൂൺ-ഷിയോംഗ് (31) പത്രത്തിന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു. അവർക്കു പത്രത്തിൽ ഔദ്യോഗിക പദവികളൊന്നുമില്ല.
ഗാസയിൽ വ്യാപകമായി മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നുവെന്നു അവർ പറഞ്ഞു. കുട്ടികളെയും ലക്ഷ്യം വയ്ക്കുന്നു. അതൊക്കെ തള്ളിക്കളയാൻ ലഭിച്ച അവസരം ഞങ്ങൾ ഉപയോഗിച്ചു. “സൗത്ത് ആഫ്രിക്കയിലെ വർണ വിവേചനം അനുഭവിച്ചകുടുംബമാണ് ഞങ്ങളുടേത്.” ഗാസയിലെ ഇസ്രയേലി നടപടികളെ വംശഹത്യ എന്നു വിളിക്കാൻ വിസമ്മതിച്ചിട്ടുള്ള ഹാരിസ് കഴിഞ്ഞയാഴ്ച്ച ഒരു പലസ്തീൻ പ്രതിഷേധക്കാരൻ അങ്ങിനെ പറഞ്ഞപ്പോൾ അതു ശരിയാണെന്നു സമ്മതിച്ചിരുന്നു.
അതേ സമയം, ഏതെങ്കിലും ഒരൊറ്റ വിഷയത്തിന്റെ പേരിലല്ല പത്രം തീരുമാനം എടുത്തതെന്നു പാട്രിക് സൂൺ-ഷിയോംഗ് സ്വന്തം പത്രത്തിനു തന്നെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഏറ്റവും വ്യക്തമായി എങ്ങിനെയാണ് വായനക്കാർക്കു സന്ദേശം നൽകുക എന്നതായിരുന്നു ചോദ്യം,” അദ്ദേഹം പറഞ്ഞു. “ഭാവനയിൽ നിന്നു വസ്തുതകൾ ചികഞ്ഞെടുക്കാൻ ഞങ്ങളെക്കാൾ നന്നായി ആർക്കു കഴിയും. തീരുമാനം വായനക്കാർക്കു വിടണം.”