ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അനധികൃതവും നിലവാരമില്ലാത്തതുമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള നീക്കം നടത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.
മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം വിധാന സൗധയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.
ബെംഗളൂരുവിലെ ഹെന്നൂരില്‍ കനത്ത മഴയ്ക്കിടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചിരുന്നു. 
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം മുന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇത്തരം നിര്‍മാണങ്ങള്‍ നിര്‍ത്താനുള്ള അധികാരം ബിബിഎംപി, ബിഡിഎ, ബിഎംആര്‍ഡിഎ എന്നിവയ്ക്കും നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷനും നിര്‍ത്തലാക്കുമെന്നും അതോടൊപ്പം നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ മഴക്കെടുതിയില്‍ മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രളയത്തില്‍ അകപ്പെട്ടവരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ച് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *