മുംബൈ: ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും ആളുകള്‍ അപകടത്തില്‍പെട്ടത് രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഉദാഹരണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
“പൊതുജനങ്ങളെ ആത്മാർത്ഥമായി സേവിവിക്കുമ്പോള്‍ ലഭിക്കുന്ന അടിത്തറയുടെ പിന്തുണയോടെ മാത്രമേ ഉദ്ഘാടനങ്ങൾക്കും പരസ്യങ്ങൾക്കും മൂല്യമുണ്ടാകൂ. റിബൺ മുറിക്കുന്ന ചടങ്ങുകൾക്ക് ശേഷം മോശം അറ്റകുറ്റപ്പണികളും പൊതു സ്വത്തിൻ്റെ അവഗണനയും കാരണം പാലങ്ങളോ പ്ലാറ്റ്‌ഫോമുകളോ പ്രതിമകളോ തകരുകയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു”-രാഹുല്‍ ‘എക്‌സി’ല്‍ കുറിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ ബാലസോർ ട്രെയിൻ അപകടത്തിൽ 300 പേർ മരിച്ചു. എന്നിട്ടും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുപകരം, ബിജെപി സർക്കാർ അവരെ നീണ്ട നിയമപോരാട്ടങ്ങളിൽ അകപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബാന്ദ്ര-ഗോരഖ്പൂർ അന്ത്യോദയ എക്‌സ്പ്രസിൽ നൂറുകണക്കിന് യാത്രക്കാർ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർക്ക് പരിക്കേറ്റിരുന്നു.