പൊലീസുകാർ കൂടിയാൽ ചിലവ് അധികമാകുമെന്നല്ലാതെ പൂരം ഭംഗിയാകില്ല; ബന്തവസ് പ്ലാനില്‍ ഭേദഗതി വേണം: ഹിന്ദു ഐക്യവേദി
തൃശൂര്‍: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 7000 പൊലീസുകാരെ വ്യന്യസിച്ചാല്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താം എന്ന് പറഞ്ഞത് പ്രായോഗികമല്ലെന്ന് ഹിന്ദു ഐക്യവേദി. പൊലീസിന്റെ എണ്ണം കൂടിയതു കൊണ്ട് ഭക്ഷണം താമസം, യാത്രപ്പടി എന്നീ വകകളില്‍ ദശലക്ഷങ്ങള്‍ അധിക ചെലവ് വരും എന്നല്ലാതെ പൂരം ഭംഗിയാകില്ല. പൂരം പ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട്, ചമയ പ്രദര്‍ശനം തുടങ്ങി എട്ടു ഘടകപൂരങ്ങളും, പാറമേക്കാവ്, തിരുവമ്പാടി പൂരങ്ങളും ആചാര സമ്പുഷ്ടമായി നടത്താനും, ഭക്തജനങ്ങള്‍ക്കും പൂര പ്രേമികള്‍ക്കും അത് കണ്ട് ആസ്വദിക്കാനും സൗകര്യമൊരുക്കുന്ന നിലയിൽ പൊലീസ് ബന്തവസ് പ്ലാന്‍ തയ്യാറാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
അത് നടപ്പിലാക്കാന്‍ പൂരം ഡ്യൂട്ടിയില്‍ പരിചയ സമ്പന്നരായ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പൂരം ഡ്യൂട്ടിക്ക് പ്രത്യേക പെരുമാറ്റ ചട്ടം തയ്യാറാക്കണം. അതില്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കണം. പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് എന്നിവര്‍ പൂരം സംഘാടക സമിതിയുടെ മേല്‍ നടത്തുന്ന അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി പൂരം നടത്തിപ്പ് സുഗമമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
3500 പൊലീസുകാരെ വ്യന്യസിച്ചപ്പോള്‍ തന്നെ പൊലീസിന്റെ ധാര്‍ഷ്ട്യം പൂരം നടത്തിപ്പിനേയും, പൂരം കാണുന്നതിനേയും തടസപ്പെടുത്തി. പൊലീസിന്റെ എണ്ണം 7000 ആക്കിയാല്‍ പൂരം നടത്തിപ്പ് പൊലീസ് ഏറ്റെടുക്കുന്നതിന് വഴിവെക്കും. തിരുത്തല്‍ വേണ്ടത് പൊലീസ് ബന്തവസ് പ്ലാനിലാണ്. അത് ഹൈക്കോടതി പരിശോധിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്, പൂരം പ്രദര്‍ശനം, തെക്കോട്ടിറക്കം എന്നീ പൂരചടങ്ങുകളെല്ലാം പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാണ് സര്‍ക്കാരുകളും, കോടതികളും നടപടികള്‍ എടുക്കേണ്ടതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധാകരന് പറഞ്ഞു.