മുംബൈ: പാര്‍ട്ടിക്ക് ഉറപ്പുള്ള സീറ്റുകള്‍ പോലും ഘടകകക്ഷികള്‍ക്ക് വച്ചുനീട്ടിയെന്ന ആക്ഷേപങ്ങള്‍ക്കും ഹൈക്കമാന്‍റിന്‍റെ അതൃപ്തിക്കും ഇടയില്‍ 23 സീറ്റുകളില്‍കൂടി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന 71 സീറ്റുകളില്‍ ധാരണയായി. 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് ആകെ മല്‍സരിക്കുക.
മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും വ്യാപക പരാതികളാണ് ഉയരുന്നത്. ഹരിയാനയിലുണ്ടായ വീഴ്ചകള്‍ മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കരുതെന്നു നിരന്തരമായ മുന്നറിയിപ്പുകള്‍ക്കിടയിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തൃപ്തികരമായല്ല മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാണ്.
വെടിയേറ്റു മരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയെ കോണ്‍ഗ്രസില്‍ നിലനിര്‍ത്തണമായിരുന്നെന്ന വിലയിരുത്തലുകള്‍ക്കിടെ സീഷാന്‍ അജിത് പവാര്‍ പക്ഷം എന്‍സിപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് ക്ഷീണമായി.
പിതാവിന്‍റെ മരണത്തിലുള്ള സഹതാപ തരംഗം ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാന്ദ്ര സീറ്റില്‍ സീഷാന്‍ വിജയിക്കുമെന്നുറപ്പായിരുന്നു. ഇതോടെ സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ ഉറപ്പായിരുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് കൈവിട്ടു കളഞ്ഞെന്നാണ് ആക്ഷേപം.
മാത്രമല്ല, ബാന്ദ്ര സീറ്റ് കോണ്‍ഗ്രസ് ശിവസേനയുമായി വച്ചുമാറുകയും ചെയ്തു. ഇവിടെ ഉദ്ധവ് താക്കറെയുടെ ബന്ധു വരുണ്‍ സര്‍ദേശായിയാണ് സീഷാന്‍ സിദ്ദിഖിക്കെതിരെ മല്‍സരിക്കുക.
വിദര്‍ഭയിയും മുംബൈയിലും വീഴ്ച
വിദര്‍ഭ, മുംബൈ മേഖലയില്‍ കോണ്‍ഗ്രസിന് ഉറപ്പായിരുന്ന 12 സീറ്റുകളും കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്കായി വിട്ടുനല്‍കിയതാണ് മറ്റൊരു വിവാദം. ഇതില്‍ രാഹുല്‍ ഗാന്ധിക്കുപോലും അമര്‍ഷം ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പാര്‍ട്ടിക്കു ലഭിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി മല്‍സരിക്കുന്ന 102 സീറ്റുകളില്‍ പരമാവധി എണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാതെ വരും. പകരം ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസുമായി വിലപേശും.
സീറ്റ് വിഭജനത്തില്‍ സീറ്റെണ്ണത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടെങ്കിലും പലതും ജയസാധ്യതയുള്ള മണ്ഡലങ്ങളല്ലെന്നതാണ് വിമര്‍ശനം.
നേരേ ചൊവ്വേ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത വയോധികരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ സ്ക്രീനിംങ്ങ് കമ്മറ്റിയാണ് ഏറ്റവും തിരിച്ചടിയായത്. 80 കാരനായ മധുസൂദനന്‍ മിസ്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രാദേശിക വികാരങ്ങള്‍ അറിയാതെ സീറ്റ് വിഭജനത്തില്‍ ഇടപെടലുകള്‍ നടത്തിയത്.
കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കളില്‍ പലരുടെയും ഇടപെടല്‍ വേണ്ടത്ര ജാഗ്രതയോടെയല്ല എന്ന വിമര്‍ശനവും ശക്തമാണ്.