തിരുവനന്തപുരം: തോമസ് കെ. തോമസ് മന്ത്രിയാകുന്നത് തടയാന്‍ താന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി ആന്റണി രാജു. എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിനുള്ള മറുപടിയിലാണ്, ആന്റണി രാജുവിനെതിരെ തോമസ് കെ. തോമസ് പ്രതികരിച്ചത്.
എന്നാല്‍ കോഴ ആരോപണം തള്ളാതെയാണ് ആന്റണി രാജു തോമസ് കെ. തോമസിന് മറുപടി നല്‍കിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി മുഖ്യമന്ത്രിയുമായി പങ്കുവച്ചെന്ന് ആന്റണി രാജു വ്യക്തമാക്കി.
താന്‍ പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണ് മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ വാദവും ബാലിശമാണെന്ന് ആന്റണി രാജു പറഞ്ഞു.
നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസും ഒരു ബ്ലോക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു ബ്ലോക്കില്ല. ഒരു ചോദ്യവും തങ്ങള്‍ മൂന്നു പേരും ക്ലബ് ചെയ്ത് ചോദിച്ചിട്ടുമില്ലെന്ന് ആന്റണി രാജു വ്യക്തമാക്കി.
1990 മുതല്‍ ആറു തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എല്‍.ഡി.എഫില്‍ മാത്രമാണ്. 2016-ല്‍ യു.ഡി.എഫില്‍ നിന്ന് നിയമസഭാസീറ്റ് വാഗ്ദാനം ചെയ്തപ്പോഴും മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. മുന്നണിയിലുള്ള ആളെന്ന നിലയിൽ എല്ലാം തുറന്നു പറയാൻ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയുമെന്നും ആന്റണി രാജു വ്യക്തമാക്കി.