ഡല്‍ഹി: ദന ചുഴലിക്കാറ്റ് ഇന്ന് രാത്രി ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. ഒഡീഷയിലെ വിവിധ തീരദേശ ജില്ലകളില്‍ നിന്ന് 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യാ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി) പറയുന്നത്. ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് പുലര്‍ച്ചെ 5.30 വരെ ധമാരയില്‍ നിന്ന് തെക്ക് കിഴക്കായി 290 കിലോമീറ്ററും സാഗര്‍ ദ്വീപിന് 350 കിലോമീറ്ററും തെക്കായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയിലെ ഭിതാര്‍കനിക ദേശീയ ഉദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയില്‍ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ, പശ്ചിമ മേദിനിപൂര്‍, ജാര്‍ഗ്രാം, കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി ജില്ലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൊല്‍ക്കത്ത വിമാനത്താവളം വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ നാളെ രാവിലെ 9 വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
ഭുവനേശ്വര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് വൈകുന്നേരം 5 മുതല്‍ വെള്ളിയാഴ്ച രാവിലെ 9 വരെ നിര്‍ത്തിവയ്ക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രണ്ട് സംസ്ഥാനങ്ങളിലൂടെയും ഓടുന്ന 200 ഓളം ട്രെയിനുകള്‍ സര്‍വ്വീസ് റദ്ദാക്കി.
ഒഡീഷയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഏകദേശം 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു, പശ്ചിമ ബംഗാളില്‍ 1.14 ലക്ഷത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.