തെരഞ്ഞെടുപ്പ് ചൂടിൽ കേരളം, ചേലക്കരയിൽ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്നെത്തും; പാലക്കാട് സരിന് വേണ്ടി ഗോവിന്ദനും

ചേലക്കര: കേരളത്തിൽ ഉപ തെരഞ്ഞെടുപ്പ് ആവേശം അലയടിച്ചുയരുകയാണ്. ഇടത് ക്യാമ്പുകളിൽ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയനും കളത്തിലെത്തുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ചേലക്കരയിൽ ഇടതു സ്ഥാനാർത്ഥി യു ആർ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി കളത്തിലെത്തുന്നത്. യു ആർ പ്രദീപിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ രാവിലെ പത്ത് മണിക്ക് ചേലക്കര മേപ്പാടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രിയങ്ക ​ഗാന്ധിയുടെ സ്വത്ത് വിവരങ്ങളിൽ രാഷ്ട്രീയപോര്; സത്യവാങ്മൂലം ആയുധമാക്കി ബിജെപി

സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് വേദിയിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കപ്പെടുന്നത്. പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാൽ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കൺവെൻഷൻ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെ, വിവിധ നേതാക്കൾ പങ്കെടുത്ത് ചേലക്കരയിലെ പഞ്ചായത്ത് കൺവെൻഷനുകൾ ഊർജ്ജിതമാക്കാനാണ് എൽ ഡി എഫിന്‍റെ തീരുമാനം.

അതിനിടെ മുഖ്യമന്ത്രിയുടെ വരവോടെ ചേലക്കരയിൽ ഇടത് മുന്നണിയുടെ ഭൂരിപക്ഷം വർദ്ധിക്കുമെന്ന് എൽ ഡി എഫ് മണ്ഡലം സെക്രട്ടറി എ സി മൊയ്തീൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടില്ലെന്നും മൊയ്തീൻ അഭിപ്രായപ്പെട്ടു.

അതേസമയം പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാകും കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക. ഇടതുമുന്നണിയിലെ വിവിധ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. സരിന്‍റെ കടന്നുവരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ് നേതൃത്വം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin