യുദ്ധഭൂമി എന്നു വിളിക്കപ്പെടുന്ന ജോർജിയ സംസ്ഥാനത്തു കനത്ത ഏർലി വോട്ടിംഗ് നടന്നുവെന്നു ബുധനാഴ്ച ലഭ്യമായ കണക്കുകൾ കാണിക്കുന്നു. വിലക്കയറ്റമാണ് പൊതുവെ വോട്ടർമാരുടെ തീരുമാനത്തെ ബാധിച്ച വിഷയമെന്നും വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്തെ 7.2 മില്യൺ വോട്ടർമാരിൽ 2.15 മില്യൺ ഒക്ടോബർ 15നു ആരംഭിച്ച ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചിട്ടുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ എലെക്ഷൻ ലാബും ജോർജിയ സെക്രട്ടറി ഓഫ് സ്‌റ്റേറ്റും നൽകുന്ന കണക്കുകൾ കാണിക്കുന്നത്.  അറ്റ്ലാന്റയ്ക്കു തെക്കുപടിഞ്ഞാറ് കോളജ് പാർക്ക് ഏരിയയിൽ നിന്നുള്ള ആഫ്രിക്കൻ അമേരിക്കൻ സെഡ്രിക് ഹാംനർ പറഞ്ഞത് ജനാധിപത്യം ഉറപ്പാക്കുന്ന സ്‌ഥാനാർഥിക്കു വോട്ട്  ചെയ്‌തെന്നാണ്.
എന്നാൽ പണപ്പെരുപ്പം, നികുതി, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങൾ അതിപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇടത്തരക്കാരൻ ആയിരുന്ന ഞാൻ വിലക്കയറ്റം മൂലം ഇപ്പോൾ ഏറെക്കുറെ താഴെത്തട്ടിൽ എത്തി.”
അതേ പ്രശ്നം തന്നെയാണ് നാൻസി ഗൗഡ് എന്ന വോട്ടറും പറഞ്ഞത്. “ജീവിക്കാൻ ഉള്ളതെല്ലാം ചെലവാക്കണം.”ബക്ക്‌ഹെഡിൽ നിന്നുള്ള റോമി ഗോൾഡ്‌മാൻ പറയുന്നത് മനുഷ്യാവകാശങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും വിശ്വസിക്കുന്ന സ്ഥാനാർഥിക്കു വോട്ട് ചെയ്‌തെന്നാണ്.
അതേ സ്ഥലത്തു വോട്ട് ചെയ്ത ജോർജ് പിലിബോസിൻ പറയുന്നത് സ്വന്തം ശരീരം സംബന്ധിച്ച് വ്യക്തികൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ്. “സ്ത്രീ ആയാലും പുരുഷൻ ആയാലും അക്കാര്യത്തിൽ ഗവൺമെന്റ് അല്ല തീരുമാനം എടുക്കേണ്ടത്.”
അതിർത്തിയിലെ നുഴഞ്ഞു കയറ്റമാണ് അറ്റ്ലാന്റയ്ക്കു 112.6 കിലോമീറ്റർ അകലെ ലാ ഗ്രാൻഗെയിൽ ജീവിക്കുന്ന ജോൺ  ഡങ്കനെ വിഷമിപ്പിക്കുന്ന വിഷയം. അതൊരു മുൻഗണന ആവണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
വിലക്കയറ്റവും കഠിനമാണ്. “എന്റെ വീട്ടിൽ ആറു പേരെ പോറ്റാൻ ഞാൻ ദിവസവും 120 ഡോളർ ചെലവിടണം. റിട്ടയർ ചെയ്ത  ഒരാൾക്കു അതു കഠിനമാണ്.”  

By admin

Leave a Reply

Your email address will not be published. Required fields are marked *