ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. അടുത്തയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അവര്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ട്രൂഡോ സര്‍ക്കാറിന്റെ ജനപ്രീതി ഇടിഞ്ഞതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിപദത്തില്‍ ഒമ്പതാം വര്‍ഷം പിന്നിടുന്ന ട്രൂഡോയുടെ ജനപ്രീതിക്ക് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.കാനഡയില്‍ ജീവിത ചെലവ് ഉയര്‍ന്നതും വീടുകള്‍ക്ക് ക്ഷാമമുണ്ടായതും നയങ്ങളിലെ പരാജയവും ട്രൂഡോയുടെ ജനപ്രീതി ഇടിയുന്നതിനുള്ള കാരണങ്ങളാണ്. പല അഭിപ്രായ സര്‍വേകളിലും എതിര്‍ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ 20 പോയിന്റ് മുന്നിലാണ്.2025ല്‍ കാനഡയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നേതൃത്വത്തിനു കീഴില്‍ തെരഞ്ഞെടുപ്പിനേ നേരിടണമെന്നതാണ് വിമതരുടെ ആവശ്യം.കഴിഞ്ഞ ദിവസത്തെ ലിബറല്‍ പാര്‍ട്ടി എം.പിമാരുടെ യോഗത്തില്‍ ഇരുപതു പേരാണ് ട്രൂഡോ മാറണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ബാക്കി 133 എംപിമാരുടെ പിന്തുണ തനിക്കാണെന്ന് ട്രൂഡോ അവകാശപ്പെടുന്നു.ട്രൂഡോയെ നേര്‍ക്കു നേര്‍ എതിര്‍ക്കാന്‍ മാത്രം വ്യക്തി പ്രഭാവമുള്ള മറ്റൊരു നേതാവ് പാര്‍ട്ടിയില്‍ ഇല്ലാത്തതും ട്രൂഡോയ്ക്ക് തത്കാലം അനുകൂല ഘടകമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *