ചെറുതോണി : സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസുവരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വാഗമണ്‍ സ്വദേശിയായ അറുപത്തിയാറുകാരനെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയാകും.പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടില്‍വരുമ്പോള്‍ പിതാവ് നിരവധിതവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. പോലീസ് കണ്ടെത്തിയ കുട്ടിയുടെ അനുഭവക്കുറിപ്പുകള്‍ പ്രൊസിക്യൂഷന് സഹായകരമായി. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്നു കോടതി വിലയിരുത്തി.2020-ല്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രൊസിക്യൂഷന്‍ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതൊറിറ്റിയോടും കോടതി ശുപാര്‍ശചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് ഹാജരായി.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *