ഡല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഔപചാരിക കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ ഇരുവരും സ്വാഗതം ചെയ്തു. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നത് ഇരുരാജ്യങ്ങളുടെയും മുന്‍ഗണനയായിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് മോദി പറഞ്ഞു.
റഷ്യയിലെ കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ഒക്ടോബറിലാണ് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും അവസാനമായി കണ്ടുമുട്ടിയത്.
ഇന്ത്യ-ചൈന ബന്ധം നമ്മുടെ ജനങ്ങള്‍ക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയും ഉഭയകക്ഷി ബന്ധത്തെ നയിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
തിങ്കളാഴ്ച കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രധാന സംഘര്‍ഷ കേന്ദ്രങ്ങളില്‍ പട്രോളിംഗ് പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം പ്രതിസന്ധി രൂക്ഷമായിരുന്നു.
കസാനിലെ കൂടിക്കാഴ്ചയ്ക്കൊപ്പം ഉഭയകക്ഷി ബന്ധങ്ങള്‍ വീണ്ടെടുക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്.