ഗാസ: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ ബെറൂയിറ്റിലെ ഒരു ആശുപത്രിക്ക് കീഴിലുണ്ടായിരുന്ന രഹസ്യ ബങ്കറില്‍ നിന്നും 500 മില്യണ്‍ ഡോളറിന്റെ സ്വര്‍ണവും പണവും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയല്‍ ഹഗാരി ബങ്കറിന്റെ ഒരു ഗ്രാഫിക് ഫോട്ടോയും വീഡിയോ സിമുലേഷനും പുറത്തുവിട്ടു.
ബങ്കര്‍ ബോധപൂര്‍വം ഒരു ആശുപത്രിയുടെ കീഴിലാണ് സ്ഥാപിച്ചിരുന്നത്. അതില്‍ അര ബില്യണ്‍ ഡോളറിലധികം പണവും സ്വര്‍ണ്ണവുമുണ്ട്. ആ പണം ലെബനനെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാമായിരുന്നു, എന്നാല്‍ അത് ഹിസ്ബുള്ളയെ പുനരധിവസിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ളയ്ക്കെതിരെ നടപടിയെടുക്കാനും ബങ്കര്‍ പരിശോധിക്കാനും ഹഗാരി ലെബനന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഞാന്‍ ലെബനന്‍ സര്‍ക്കാരിനോടും ലെബനന്‍ അധികാരികളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു: ഭീകരതയ്ക്കും ഇസ്രായേലിനെ ആക്രമിക്കാനും ഈ പണം ഉപയോഗിക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.