ചെന്നൈ: ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉദയനിധി സ്റ്റാലിന്റെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ അധ്യക്ഷനുമായ എടപ്പാടി കെ.പളനിസാമി. പാര്‍ട്ടിയില്‍ കൂടുതല്‍ പരിചയസമ്പന്നരായ നേതാക്കളെയാണ് അദ്ദേഹം മറികടന്നതെന്ന് ഇപിഎസ് വിമര്‍ശിച്ചു. 
1989ല്‍ ഞാന്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എംകെ സ്റ്റാലിന്‍ എംഎല്‍എയായി. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 20 വര്‍ഷത്തോളം അദ്ദേഹം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനു വിപരീതമായി ഒരു വര്‍ഷം മാത്രം എംഎല്‍എ ആയിരുന്ന ഉദയനിധി ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി, എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടന്നത്.
ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെക്കുറിച്ചും അവരുടെ അഭിവൃദ്ധിക്കായി ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചുമാണ് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതെസമയം തന്നെ വിമര്‍ശിക്കാന്‍ ഇപിഎസിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. എന്നാല്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹം സ്വന്തം യോഗ്യത കൂടി പരിശോധിക്കണമെന്ന് ഉദയനിധി പറഞ്ഞു.
അദ്ദേഹം എന്നെക്കാള്‍ പരിചയസമ്പന്നനാണ്. 2017-ല്‍ ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകുമെന്ന് ഊഹിക്കപ്പെട്ട നിരവധി മുതിര്‍ന്നവര്‍ ഉണ്ടായിരുന്നുവെന്ന് എഐഎഡിഎംകെ പ്രവര്‍ത്തകരെയും ഇപിഎസിനെയും ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അന്ന് സെങ്കോട്ടയ്യന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു സംസാരം. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ സെമ്മലൈ, ദിണ്ടിഗല്‍ ശ്രീനിവാസന്‍, ബന്‍രുട്ടി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്നവരുമുണ്ടായിരുന്നു. പക്ഷേ, ഇപിഎസ് മുഖ്യമന്ത്രിയായതെങ്ങനെയാണ്. കുവത്തൂരില്‍ അരങ്ങേറിയ നാടകം അന്ന് ജനം കണ്ടു.
മറ്റുള്ളവരെ മറികടന്ന് ഇപിഎസ് മുഖ്യമന്ത്രിയായത് എങ്ങനെയെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹം സ്വയം തിരിഞ്ഞു നോക്കണമെന്നും ഉദയനിധി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *